മുംബൈ : പ്രായപൂർത്തിയായെങ്കിലും അവിവാഹിതരായ പെൺമക്കൾക്ക് പിതാവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ നിയമപരമായ അർഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വ്യക്തമാക്കി. ക്രിമിനൽ നടപടിച്ചട്ടം (CrPC) സെക്ഷൻ 125 പ്രകാരം മക്കൾക്ക് ജീവനാംശം നൽകാൻ പിതാവ് ബാധ്യസ്ഥനാണെന്ന് ജസ്റ്റിസ് മെഹ്റോസ് കെ. പഥൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. ഹിന്ദു ദത്ത്, ജീവനാംശ നിയമപ്രകാരം (HAMA) മറ്റ് പരിഹാരങ്ങൾ ഉണ്ടെന്നത് കൊണ്ട് മാത്രം പിതാവിന് ജീവനാംശ ഉത്തരവുകളിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
നാഗ്പൂർ ഫാമിലി കോടതിയുടെ 2019 ഡിസംബർ 7 ലെ ഉത്തരവിനെതിരെ ആനന്ദ് ഹരിശ്ചന്ദ്ര ചൗഹാൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്. പ്രതിമാസം 7,000 രൂപ വീതം രണ്ട് കുട്ടികൾക്ക് ജീവനാംശം നൽകണമെന്ന ഫാമിലി കോടതി ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്. ഭാര്യ പ്രതിമാസം 40,000 രൂപ സമ്പാദിക്കുന്നുണ്ടെന്ന കാരണത്താൽ അവർക്കുള്ള ജീവനാംശം ഫാമിലി കോടതി നിഷേധിച്ചിരുന്നു. എന്നാൽ പ്രതിമാസം 71,000 രൂപ വരുമാനമുള്ള ഭർത്താവ് കുട്ടികളുടെ സംരക്ഷണച്ചെലവ് നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
മകൾക്ക് ഹിന്ദു ദത്ത്, ജീവനാംശ നിയമപ്രകാരം (HAMA) മറ്റ് നിയമപരമായ വഴികൾ ഉണ്ടെന്നതിനാൽ CrPC സെക്ഷൻ 125 പ്രകാരമുള്ള ജീവനാംശം നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരനായ പിതാവിന്റെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി. നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷം മകൾ പുതിയ നടപടികളിലേക്ക് കടക്കണമെന്ന് നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അപേക്ഷകനായ പിതാവിനുവേണ്ടി അഭിഭാഷകൻ സിദ്ധാർത്ഥ് എം. ലോഭയും, ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി അഭിഭാഷകൻ എസ്.എ. സാഹുവും കോടതിയിൽ ഹാജരായി.