മുംബൈ: ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മുംബൈയിൽ സുരക്ഷ കർശനമാക്കി. രാജ്യാന്തര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലെ ചില ഇടങ്ങളിൽ പ്രതിഷേധങ്ങൾ ഉയരാനിടയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് പൊലീസ് ഹൈഅലർട്ട് പ്രഖ്യാപിച്ചത്.
പ്രധാന കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വിദേശ ദൗത്യസ്ഥാപനങ്ങൾ, തിരക്കേറിയ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. സംശയാസ്പദ സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ സായുധ പൊലീസ് വിഭാഗങ്ങളെയും പ്രാദേശിക സ്റ്റേഷനുകളെയും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളും അഭ്യൂഹങ്ങളും പൊലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. നിയമം കൈയിൽ എടുക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
നഗരത്തിൽ സമാധാനവും ക്രമവും ഉറപ്പാക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കി. പൊതുജനങ്ങൾ അഭ്യൂഹങ്ങളിൽ വീഴാതെ ശാന്തത പാലിച്ച് അധികൃതരുമായി സഹകരിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.