റഷ്യയിൽ സീഗൾ ഇന്റർനാഷണലിന് പുതിയ ചിറകുകൾ; സെന്റ് പീറ്റേഴ്‌സ്ബർഗിൽ ശാഖ ഉദ്ഘാടനം

by WhatsUp Mumbai

സെന്റ് പീറ്റേഴ്‌സ്ബർഗ്: ഇന്ത്യ-റഷ്യ സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ പുതിയ ശാഖ റഷ്യയിലെ പ്രധാന നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യൻ കോൺസൽ ജനറൽ ഡി.സി.ഡി. ദാസ് (ഐ.എഫ്.എസ്) ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രാലയത്തിലെ സെക്കൻഡ് സെക്രട്ടറി ഡാരിയ ചെക്മറേവ മുഖ്യാതിഥിയായിരുന്നു.

സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, റഷ്യ ഡയറക്ടർമാരായ ക്യാപ്റ്റൻ ആശിഷ് ബലൂണി, ദിമിത്രി ടിറ്റോവ് എന്നിവരും ബിസിനസ് സമൂഹത്തിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ-റഷ്യൻ പാരമ്പര്യങ്ങളുടെ സവിശേഷ മിശ്രിതമായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ പ്രധാന ആകർഷണം. പരമ്പരാഗത ഇന്ത്യൻ രീതിയിൽ തിലകം ചാർത്തി അതിഥികളെ സ്വീകരിച്ചു. നിലവിളക്ക് കൊളുത്തിയും റിബൺ മുറിച്ചും തേങ്ങ ഉടച്ചും ഉദ്ഘാടനം നടത്തി. ഈ ചടങ്ങുകൾ റഷ്യൻ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും കൗതുകം പിടിച്ചു. തുടർന്ന് റഷ്യയുടെ പൈതൃകം വിളിച്ചോതുന്ന ഫർഷെറ്റ് സ്വീകരണവും നടന്നു.

ധാർമിക റിക്രൂട്ട്മെന്റും നൈപുണ്യ വികസന പരിശീലനവും മുഖ്യ ലക്ഷ്യമാക്കി ഇന്ത്യ-റഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ശാഖ ആരംഭിച്ചതെന്ന് ഡോ. സുരേഷ്‌കുമാർ മധുസൂദനൻ പറഞ്ഞു. ഊർജ്ജം, ഉൽപ്പാദനം, ഷിപ്പിംഗ്-മറൈൻ, നിർമ്മാണം, സേവന മേഖലകൾ എന്നിവയിൽ റഷ്യ ഗണ്യമായ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും, ഇരു രാജ്യങ്ങൾക്കും ഗുണകരമായ സുതാര്യവും സുസ്ഥിരവുമായ തൊഴിൽ ഗതാഗത മാർഗങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ ആസ്ഥാനമായി നാല് ദശാബ്ദങ്ങളായി പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന് 12 രാജ്യങ്ങളിലായി 18-ത്തിലധികം ശാഖകളുണ്ട്.

You may also like