മുംബൈ: മുംബൈയും ഗോവയും ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ നാലുവരി വികസന പ്രവർത്തനം 2026 മെയ് മാസത്തോടെ പൂർത്തിയാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ നിയമസഭയിൽ അറിയിച്ചു. ഏകദേശം 471 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ഭൂരിഭാഗം ഭാഗങ്ങളിലും നിർമാണം പുരോഗമിച്ചിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ശിവേന്ദ്ര രാജേ ഭോശാല നൽകിയ വിവരമനുസരിച്ച്, ഇന്ദാപൂർ–മംഗാവോ ഒഴികെയുള്ള പ്രധാന ഭാഗങ്ങൾ മെയ് മാസത്തിനകം സഞ്ചാരയോഗ്യമാക്കും. പൂർത്തിയായ ഭാഗങ്ങൾ സുരക്ഷിതമായി നിലനിർത്താനും ശേഷിക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിൽ പൂര്‍ത്തിയാക്കാനും കരാറുകാരോട് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
വർഷങ്ങളായി നീണ്ടുനിന്ന വികസന പ്രവർത്തനങ്ങൾ പല ഘട്ടങ്ങളിലായി നടന്നു വരികയാണ്. പാലങ്ങൾ, മേൽപ്പാതകൾ, സേവനപാതകൾ എന്നിവ ഉൾപ്പെടെയുള്ള നിർമാണങ്ങൾ അന്തിമഘട്ടത്തിലാണെന്നും സർക്കാർ അറിയിച്ചു.
വികസനം പൂർത്തിയായാൽ മുംബൈ–ഗോവ യാത്ര കൂടുതൽ വേഗത്തിലും സുരക്ഷിതമായും മാറും. കൊങ്കൺ മേഖലയിലെ യാത്രക്കാര്‍ക്കും വ്യാപാര രംഗത്തിനും ഇത് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.