മുംബൈ : ദേശീയ ഫാഷൻ രംഗത്ത് മലയാളി വിദ്യാർത്ഥിനിയുടെ തിളക്കമാർന്ന വിജയം. ആദിത്യ ബിർള ഗ്രൂപ്പിന്റെ ഗ്രാസിം ലിവ ഫാഷൻ വിഭാഗം സംഘടിപ്പിച്ച ലിവ പ്രോട്ടീഗ 25 ദേശീയ മത്സരത്തിൽ വസായിയുടെ അഭിമാനമായി കൃഷ്ണപ്രിയ ഗിരീഷ് നായർ ഒന്നാം സ്ഥാനം നേടി. ഫെബ്രുവരി 26-ന് സോഫിറ്റൽ മുംബൈ ബികെസിയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് നേട്ടം കൈവരിച്ചത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 240 മത്സരാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. ലക്ഷ്വറി ഈവനിംഗ് വെയർ, എലിവേറ്റഡ് ഇന്ത്യൻ വെയർ, വെസ്റ്റേൺ പ്രെറ്റ്, സെലിബ്രേഷൻ 9 യാർഡ് എന്നീ നാല് വിഭാഗങ്ങളിലായിരുന്നു മത്സരം. ഓരോ വിഭാഗത്തിൽ നിന്നും നാലു പേരെ ഫൈനലിസ്റ്റുകളായി തെരഞ്ഞെടുത്ത ശേഷമാണ് അവസാനഘട്ട മത്സരം നടന്നത്.

എലിവേറ്റഡ് ഇന്ത്യൻ വെയർ വിഭാഗത്തിലാണ് കൃഷ്ണപ്രിയ മികവ് തെളിയിച്ചത്. സ്വന്തം ആശയത്തിൽ രൂപകൽപ്പന ചെയ്ത വസ്ത്രമാണ് അവരെ വിജയശിഖരത്തിലെത്തിച്ചത്. വിധികർത്താക്കളുടെ പ്രത്യേക പ്രശംസയും കൃഷ്ണപ്രിയ സ്വന്തമാക്കി.
വസായിയിലെ ഗിരീഷ് നായർ–സുരഭി നായർ ദമ്പതികളുടെ മകളായ കൃഷ്ണപ്രിയ, അമിറ്റി സർവകലാശാലയിൽ ഫാഷൻ ഡിസൈൻ ബിരുദത്തിന്റെ അവസാന വർഷ വിദ്യാർത്ഥിനിയാണ്. വിഷ്ണു പ്രിയ സഹോദരിയാണ്.ദേശീയ വേദിയിൽ നേടിയ ഈ വിജയം കുടുംബത്തിനും മലയാളികൾക്കും വസായിക്കും അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

വിജയിക്ക് 1,50,000 രൂപയുടെ സമ്മാനത്തുകയും സർട്ടിഫിക്കറ്റും മെമെന്റോയും നൽകി.