അന്ധേരി സബ് വേയിലെ വെള്ളക്കെട്ടിന് അറുതി ലക്ഷ്യംവച്ച് നഗരസഭയുടെ പുതിയ പദ്ധതി

by WhatsUp Mumbai

മുംബൈ: നഗരത്തിൽ മഴക്കാലം എത്തുമ്പോഴെല്ലാം വെള്ളത്തിൽ മുങ്ങുന്ന അന്ധേരി സബ് വേയ്ക്ക് ശാശ്വത പരിഹാരം കാണാൻ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ 197 കോടി രൂപ ചെലവിടുന്നതായി വിവരം.

കനത്ത മഴ പെയ്താൽ സബ് വേയിൽ വെള്ളം കെട്ടി ഗതാഗതം മണിക്കൂറുകളോളം നിലച്ചുപോകുന്നത് പതിവാണ്. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും യാത്രക്കാർ ദുരിതത്തിലാകുകയും ചെയ്യുന്നു. നിലവിൽ സ്ഥാപിച്ചിരിക്കുന്ന പമ്പുകൾ വഴി വെള്ളം നീക്കുന്നതു താൽക്കാലിക പരിഹാരമായി മാത്രമാണ് പ്രവർത്തിക്കുന്നത്.

പുതിയ പദ്ധതിയുടെ ഭാഗമായി സബ് വേയിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം വേഗത്തിൽ പുറത്തേക്കൊഴുക്കാൻ ശേഷിയുള്ള വിശാലമായ ചാലു നിർമ്മിക്കും. മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്ന രീതിയിൽ സമഗ്ര സംവിധാനമാണ് ഒരുക്കുക. ഇതുവഴി കനത്ത മഴയിലും വെള്ളക്കെട്ട് ഒഴിവാക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.

നിയമസഭയിൽ വിഷയം ഉയർന്നതിനെ തുടർന്ന് പദ്ധതിക്ക് വേഗം കൂട്ടിയതായി അധികൃതർ അറിയിച്ചു. ആവശ്യമായ സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കി വിശദമായ പദ്ധതിരേഖ ഉടൻ തയ്യാറാക്കും.

വർഷങ്ങളായി മഴക്കാലത്ത് ആവർത്തിക്കുന്ന ദുരിതത്തിന് ഇതുവഴി ശാശ്വത അറുതിയുണ്ടാകുമോയെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും നിത്യയാത്രക്കാരും.

You may also like