മുംബൈ: എൽപിജി ക്ഷാമം നഗരത്തിന്റെ ഐതിഹാസിക ഡബ്ബാവാല സമ്പ്രദായത്തെയും ബാധിച്ചു. ഗ്യാസ് ലഭ്യതയിൽ ഉണ്ടായ കുറവ് വീടുകളിൽ പാചകം തന്നെ തടസ്സപ്പെടുത്തുകയും, അതിന്റെ പ്രതിഫലനം ടിഫിൻ വിതരണ ശൃംഖലയെ നേരിട്ട് ബാധിക്കുകയുമാണ്.
ദിവസേന ആയിരക്കണക്കിന് ആളുകൾക്ക് വീട്ടുഭക്ഷണം കൃത്യതയോടെ എത്തിക്കുന്ന മുംബൈയുടെ അഭിമാനമായ ഡബ്ബാവാല സംവിധാനം ഇപ്പോൾ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പാചകവാതക ക്ഷാമത്തെ തുടർന്ന് പല വീടുകളിലും ടിഫിൻ തയ്യാറാക്കാനാകാത്തതോടെ, വിതരണം ചെയ്യുന്ന ഡബ്ബകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഡബ്ബാവാല സംഘടന വ്യക്തമാക്കി.
ഇടത്തരം കുടുംബങ്ങളും ചെറുകിട വ്യാപാരികളും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നുവെന്നതാണ് സ്ഥിതി. ഗ്യാസ് ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്നതും, അതുവഴി ദിനച്ചെലവ് ഉയരുന്നതായും പരാതികൾ ഉയരുന്നു.
സ്ഥിതി ഗുരുതരമായതോടെ ചില ഡബ്ബാവാലകൾ താൽക്കാലികമായി സേവനം ചുരുക്കുകയോ നിർത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്നതുവരെ പ്രതിസന്ധി തുടരുമെന്ന ആശങ്കയും ഉയരുന്നു.
മുംബൈയുടെ ജീവിതധാരയുമായി ചേർന്നുനിൽക്കുന്ന ഡബ്ബാവാല ശൃംഖലയെ പോലും ബാധിച്ചിരിക്കുന്ന ഈ സാഹചര്യം, എൽപിജി വിതരണത്തിലെ തടസ്സങ്ങളുടെ ഗൗരവം തെളിയിക്കുന്നതാണെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.