നവി മുംബൈയിൽ വിപുലമായ പരിപാടികളോടെ കേരളപ്പിറവി ആഘോഷം; ഡോ. എ. പി. ജയരാമൻ മുഖ്യപ്രഭാഷണം നടത്തും

by admin

നവി മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിക്കുന്നു. നവംബർ 1 ഞായറാഴ്ച വൈകീട്ട് 6:00 മണിക്ക് സി.ബി.ഡി. ബേലാപ്പൂർ സെക്ടർ 8A-യിലുള്ള കൈരളി ഹാളിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. മലയാള ഭാഷയുടെ പ്രചാരണവും കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ ഉയർച്ച താഴ്ചകളെക്കുറിച്ചുള്ള അവലോകനവും ലക്ഷ്യമിട്ടാണ് ഈ സമ്മേളനം.

വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ നൃത്തം, സംഗീതം, കവിതാപാരായണം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രമുഖ ആണവ ശാസ്ത്രജ്ഞനും സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ഡോ. എ. പി. ജയരാമൻ “കേരളം: അഭിമാനിക്കാൻ ഏറെയുണ്ട്, തിരുത്താനും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ രക്ഷാധികാരിയും കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റുമായ ടി. എൻ. ഹരിഹരൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സാംസ്‌കാരിക പരിപാടികൾക്ക് ശേഷം പങ്കെടുക്കുന്നവർക്കായി ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

പരിപാടിയിലേക്ക് എല്ലാ മലയാള ഭാഷാ സ്നേഹികളെയും സാംസ്‌കാരിക പ്രവർത്തകരെയും പൊതുജനങ്ങളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി നവി മുംബൈ മേഖലാ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി കെ. ജയനാരായണനുമായി (മൊബൈൽ: 9552577519) ബന്ധപ്പെടാവുന്നതാണ്.

You may also like