തിരുവനന്തപുരം: നോർക്ക കെയർ പദ്ധതിയിൽ പ്രായാടിസ്ഥാനത്തിൽ വരുത്തിയ ഭീമമായ പ്രീമിയം വർധനവിനെതിരെ ശക്തമായ പ്രതിഷേധവുമായി മലയാള ഭാഷാ പ്രചാരണ സംഘം. പ്രായം കൂടിയാലും പ്രീമിയം വർധിക്കില്ലെന്ന ആദ്യ പ്രഖ്യാപനത്തിൽ വിശ്വസിച്ച് ആയിരക്കണക്കിന് പ്രവാസികളാണ് സ്വകാര്യ ഇൻഷുറൻസുകൾ ഒഴിവാക്കി ഈ പദ്ധതിയിൽ ചേർന്നത്. എന്നാൽ ആ വാഗ്ദാനത്തിൽ നിന്ന് പിന്മാറി പ്രായാടിസ്ഥാനത്തിലുള്ള സ്ലാബുകൾ കൊണ്ടുവന്നത് പ്രവാസികളോടുള്ള വിശ്വാസവഞ്ചനയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
മുമ്പ് 5 ലക്ഷം രൂപയുടെ കുടുംബ പോളിസിക്ക് 13,411 രൂപയായിരുന്ന പ്രീമിയം ഇപ്പോൾ 35,664 രൂപ മുതൽ 77,773 രൂപ വരെയായി ഉയർത്തിയത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെത്തന്നെ തകർക്കുന്നതാണ്. ചികിത്സാച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ വാർധക്യത്തിൽ കൂടുതൽ പ്രീമിയം ഈടാക്കുന്നത് ഏറ്റവും കൂടുതൽ രോഗസാധ്യതയുള്ള പ്രായക്കാരെ കടുത്ത പ്രതിസന്ധിയിലാക്കും. ആരോഗ്യസുരക്ഷയെ സാമ്പത്തിക ബാധ്യതയായി കാണുന്ന ഈ സമീപനം സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ഘടനയെ അനുകരിക്കുന്നതാണെന്നും ഭാരവാഹികൾ ആരോപിച്ചു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തേകിയ പ്രവാസികൾക്ക് താങ്ങാവേണ്ട പദ്ധതി ഇപ്പോൾ അധികഭാരമായി മാറുകയാണ്. അതിനാൽ പ്രായാടിസ്ഥാനത്തിലുള്ള പ്രീമിയം വർധനവ് പിൻവലിച്ച്, പ്രായഭേദമില്ലാതെ എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ നോർക്കയും സർക്കാരും അടിയന്തരമായി ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. മലയാള ഭാഷാ പ്രചാരണ സംഘം പ്രസിഡന്റ് സന്ദീപ് വർമ്മ, ജനറൽ സെക്രട്ടറി റീന സന്തോഷ് എന്നിവരാണ് പത്രക്കുറിപ്പിലൂടെ ഈ ആവശ്യം ഉന്നയിച്ചത്.