വാസ്കുലർ രോഗസാധ്യത കുറയ്ക്കാം; ദിവസവും 6 മുതൽ 8 കപ്പ് ചായ കുടിക്കുന്നത് ഗുണകരമെന്ന് പഠനം

by admin

വാഷിങ്ടൺ: പതിവായി ചായ കുടിക്കുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന വാസ്കുലർ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. ദിവസവും 6 മുതൽ 8 കപ്പ് വരെ ചായ കുടിക്കുന്നവരിലാണ് രോഗസാധ്യത ഏറ്റവും കുറവായി കാണപ്പെട്ടത്. പ്രമുഖ ജേർണൽ ഓഫ് ഇന്റേണൽ മെഡിസിനിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കറുത്ത ചായയും (ബ്ലാക്ക് ടീ) ഇടത്തരം കട്ടിയിലുള്ള ചായയുമാണ് ഇതിൽ ഏറ്റവും കൂടുതൽ പ്രയോജനം ചെയ്തത്.

പതിവായി ചായ കുടിക്കുന്നവരിൽ വാസ്കുലർ രോഗങ്ങൾ വരാനുള്ള സാധ്യത 11 ശതമാനം കുറവാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ചായ കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കാണിത്. ഹൃദ്രോഗം, പക്ഷാഘാതം (സ്ട്രോക്ക്), പൾമണറി ഹാർട്ട് ഡിസീസി, പെരിഫറൽ ആർട്ടറി ഡിസീസി തുടങ്ങിയ വിവിധതരം വാസ്കുലർ രോഗങ്ങളെയാണ് പഠനത്തിൽ പരിശോധിച്ചത്.

ചൈന കഡോറി ബയോബാങ്കിലെ (സി.കെ.ബി) 485,934 പേരുടെ ഡാറ്റയാണ് ഗവേഷകർ പരിശോധിച്ചത്. ശരാശരി 9.05 വർഷം നീണ്ട നിരീക്ഷണ കാലയളവിൽ 14,863 പേർക്ക് വാസ്കുലർ രോഗം ബാധിച്ചതായി കണ്ടെത്തി. ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും ചായ കുടിക്കുന്നവരെയാണ് പതിവായി ചായ കുടിക്കുന്നവരായി കണക്കാക്കിയത്. ഇത്തരത്തിൽ ആഴ്ചയിൽ ചായ കുടിക്കുന്നവരിൽ ദിവസവും 6 മുതൽ 8 കപ്പ് വരെ കുടിക്കുന്നവരിലാണ് രോഗസാധ്യത ഏറ്റവും കുറവായി കണ്ടത്. വളരെ കട്ടി കുറഞ്ഞതോ കൂടിയതോ ആയ ചായയേക്കാൾ ഇടത്തരം കട്ടിയിലുള്ള ചായയാണ് ഏറ്റവും കുറഞ്ഞ രോഗസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നത്.

കാലിഫോർണിയയിലെ മെമ്മോറിയൽ കെയർ ഓറഞ്ച് കോസ്റ്റ് മെഡിക്കൽ സെന്ററിലെ ബോർഡ് സർട്ടിഫൈഡ് വാസ്കുലർ സർജനായ ഡോ. ക്രിസ്റ്റോഫർ യീ പറയുന്നത്, ഈ കണ്ടെത്തലുകളിൽ താൻ വലിയ തോതിൽ അത്ഭുതപ്പെടുന്നില്ലെന്നാണ്. “ചായയിൽ ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ഇതെല്ലാം ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് കാരണമാകുന്നു,” അദ്ദേഹം വ്യക്തമാക്കി. 11 ശതമാനത്തിന്റെ കുറവ് ക്ലിനിക്കൽപരമായി വളരെ പ്രധാനപ്പെട്ടതാണെങ്കിലും, ഇത് ചായ കുടിക്കുന്നത് നേരിട്ട് രോഗം തടയുമെന്ന് തെളിയിക്കുന്നതിലുപരി ഒരു പരസ്പര ബന്ധത്തെയാണ് (association) കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനിലെ സീനിയർ ഡയറ്റീഷ്യൻ ഡെൽ സ്റ്റാൻഫോർഡ് സയൻസ് മീഡിയ സെന്റർ ചർച്ചയിൽ വ്യക്തമാക്കിയത്, ആറു മുതൽ എട്ടു കപ്പ് വരെയാണ് ഏറ്റവും കുറഞ്ഞ രോഗസാധ്യത കണ്ടതെങ്കിലും അതൊരു പൊതു ശുപാർശയായി കണക്കാക്കരുത് എന്നാണ്. ചായയുടെ അളവ് ഒരിക്കൽ മാത്രമാണ് അളന്നതെന്നും കപ്പിന്റെ വലിപ്പം കൃത്യമായി നിശ്ചയിച്ചിരുന്നില്ലെന്നും കൂടുതൽ ചായ കുടിച്ചതുകൊണ്ടാണ് രോഗസാധ്യത കുറഞ്ഞതെന്ന് ഈ പഠനത്തിന് തെളിയിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് തരം ചായയാണ് വാസ്കുലർ രോഗസാധ്യത കുറയ്ക്കുന്നതിൽ കൂടുതൽ ഫലപ്രദമെന്ന് ഗവേഷകർ പരിശോധിച്ചു. ഇതിൽ കറുത്ത ചായയ്ക്കാണ് (ബ്ലാക്ക് ടീ) ഏറ്റവും കുറഞ്ഞ രോഗസാധ്യതയുമായി ബന്ധമുള്ളതെന്ന് കണ്ടെത്തി. ഗ്രീൻ ടീയും ഗുണം ചെയ്യുമെങ്കിലും കറുത്ത ചായയാണ് കൂടുതൽ ഫലപ്രദമെന്ന് തെളിഞ്ഞു. കറുത്ത ചായയും ഗ്രീൻ ടീയും ആരോഗ്യത്തിന് നല്ലതാണെങ്കിലും, ഈ പഠനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ ഗ്രീൻ ടീയിൽ നിന്ന് കറുത്ത ചായയിലേക്ക് മാറാൻ താൻ ശുപാർശ ചെയ്യില്ലെന്ന് ഡോ. ക്രിസ്റ്റോഫർ യീ വ്യക്തമാക്കി. വ്യക്തികളുടെ ജീവിതശീലങ്ങളും ചായ തയാറാക്കുന്ന രീതികളുമെല്ലാം ഇതിൽ സ്വാധീനം ചെലുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമിതമായി പഞ്ചസാരയോ ഉയർന്ന കഫീനോ ചേർത്ത ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഇഷ്ടമുള്ള തരം അൺസ്വീറ്റൻഡ് ചായ കുടിക്കാനാണ് അദ്ദേഹം സാധാരണയായി നിർദ്ദേശിക്കുന്നത്.

ചായയുടെ താപനിലയും വാസ്കുലർ രോഗസാധ്യതയെ സ്വാധീനിക്കുന്നതായി പഠനം കണ്ടെത്തി. ചായ കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ, വളരെ ചൂടോടെയുള്ള ചായ കുടിക്കുന്നവരിൽ വാസ്കുലർ രോഗസാധ്യത 16 ശതമാനം കൂടുതലാണെന്നാണ് കാണിച്ചത്. എന്നാൽ ചായയുടെ കൃത്യമായ താപനിലയല്ല, പങ്കെടുത്തവരുടെ വ്യക്തിപരമായ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ വിവരം ശേഖരിച്ചത്.
​ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ ജെനിറ്റിക്സ്, ജിനോമിക്സ് ആൻഡ് ഫണ്ടമെന്റൽ സെൽ ബയോളജി റീഡർ ഡോ. ചരാലമ്പോസ് റാലിസ് അഭിപ്രായപ്പെട്ടത്, കറുത്ത ചായയെക്കുറിച്ചും വളരെ ചൂടുള്ള ചായയെക്കുറിച്ചുമുള്ള കണ്ടെത്തലുകൾ കൂടുതൽ പരിശോധനകൾ ആവശ്യമുള്ളതാണെന്നാണ്. ചൂടുകൂടിയ ചായ കുടിക്കുന്നത് രക്തക്കുഴലുകൾക്ക് താപമേൽക്കാനും വീക്കം ഉണ്ടാകാനും കാരണമായേക്കാമെന്നും, എങ്കിലും ചായ അല്പം തണുത്ത ശേഷം കുടിക്കുന്നത് സുരക്ഷിതമായ ഒരു മുൻകരുതലാണെന്നും ഡോ. ക്രിസ്റ്റോഫർ യീ അഭിപ്രായപ്പെടുന്നു.

ചായ കുടിക്കുന്നത് മാത്രം ഹൃദ്രോഗ സാധ്യതകൾ പൂർണ്ണമായും നിയന്ത്രിക്കില്ലെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. പതിവായി ചായ കുടിക്കുന്നതിനോടൊപ്പം പുകവലി ഒഴിവാക്കുകയും ഉയർന്ന ശാരീരികക്ഷമത നിലനിർത്തുകയും ചെയ്യുന്നത് വാസ്കുലർ രോഗസാധ്യത ഏറ്റവും അധികം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. രക്തസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി തുടങ്ങിയ മറ്റ് പ്രധാന ഘടകങ്ങൾ നിയന്ത്രിക്കുന്നതിന് ചായ ഒരു പകരമാവില്ലെന്നും, ഹൃദയാരോഗ്യകരമായ ജീവിതശൈലിയുടെ ഒരു ഭാഗം മാത്രമാണ് ചായയെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

You may also like