മുംബൈയിൽ ജാഗ്രതാ നിർദ്ദേശം: ഏഴു ദിവസത്തേക്ക് കുടിവെള്ളം തിളപ്പിച്ച് ഉപയോഗിക്കണമെന്ന് ബി.എം.സി

by WhatsUp Mumbai

മുംബൈ: നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി കുടിവെള്ള ഉപയോഗത്തിൽ അതീവ ജാഗ്രതാ നിർദ്ദേശവുമായി ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബി.എം.സി). മുംബൈയിലെ വിവിധ വാർഡുകളിലും താനെ, ഭിവണ്ടി എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലുമുള്ള ജനങ്ങൾ അടുത്ത ഏഴു ദിവസത്തേക്ക് കുടിവെള്ളം തിളപ്പിച്ച് അരിച്ചെടുത്ത് ഉപയോഗിക്കണമെന്ന് ബി.എം.സി കർശന നിർദ്ദേശം നൽകി. ജലവിതരണ ശൃംഖലയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയായ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി.

പിസെ-പാഞ്ജരപൂർ കോംപ്ലക്സിലെ യേവായി മാസ്റ്റർ ബാലൻസിങ് റിസർവോയറിന്റെ കമ്പാർട്ട്മെന്റ് 2-ന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി പ്രവർത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. ജലവിതരണം പുനരാരംഭിക്കുന്ന ഘട്ടത്തിൽ ജലത്തിന്റെ ഗുണനിലവാരത്തിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് മുൻകരുതലെന്ന നിലയിൽ ഏഴു ദിവസത്തെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മുംബൈ നഗരസഭയുടെ കീഴിലുള്ള ഐലൻഡ് സിറ്റി, കിഴക്കൻ പ്രാന്തപ്രദേശങ്ങൾ എന്നിവടങ്ങളിലെ വിവിധ വാർഡുകളെയും ബി.എം.സിയിൽ നിന്ന് വെള്ളം ലഭിക്കുന്ന താനെ, ഭിവണ്ടി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളെയുമാണ് ഈ നിർദ്ദേശം ബാധിക്കുന്നത്. മുംബൈയിലെ എ വാർഡിലെ നേവൽ ഡോക്ക് യാർഡ്, ബി.പി.ടി ഏരിയ, ബി, ഇ, എഫ്-സൗത്ത്, എഫ്-നോർത്ത്, എം-ഈസ്റ്റ്, എം-വെസ്റ്റ് വാർഡുകൾ പൂർണ്ണമായും, ടി വാർഡിലെ മുളുന്ദ് ഈസ്റ്റ്, മുളുന്ദ് വെസ്റ്റ്, എസ് വാർഡിലെ ഭാണ്ഡൂപ്, നഹൂർ, കഞ്ചൂർമാർഗ്, വിഖ്രോലി ഈസ്റ്റ്, എൻ വാർഡിലെ വിഖ്രോലി, ഘാട്കോപ്പർ ഈസ്റ്റ്, എൽ വാർഡിലെ കുർള ഈസ്റ്റ് എന്നീ പ്രദേശങ്ങളിലാണ് ജാഗ്രത ശക്തമാക്കിയിട്ടുള്ളത്. താനെ, ഭിവണ്ടി പ്രദേശങ്ങളിലെ ബാധിത മേഖലകളിലെ ജനങ്ങളും സമാനമായ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

You may also like