പ്രദീപ് പൂർണേക്കർ വധക്കേസ്: താനെയിൽ വലിയ പ്രക്ഷോഭം; രാത്രി വൈകിയും ഗതാഗതം സ്തംഭിച്ചു

by WhatsUp Mumbai

മഹാരാഷ്ട്രയിലെ താനെയിൽ ശിവസേന (ഉദ്ധവ് ബാലാസാഹബ് താക്കറെ) വിഭാഗം നേതാവ് പ്രദീപ് പൂർണേക്കർ കൊല്ലപ്പെട്ട സംഭവത്തിൽ നീതി ആവശ്യപ്പെട്ട് ജനരോഷം ശക്തമാകുന്നു. കേസിൽ പ്രതികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഗൂഢാലോചനയിൽ പങ്കുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ രാത്രി വൈകിയും തെരുവിലിറങ്ങിയത് താനെ നഗരത്തിൽ വൻ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി.
​പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രമുഖ റോഡുകൾ ഉപരോധിച്ച ജനക്കൂട്ടം ഘോർബന്ദർ റോഡ് പൂർണ്ണമായി സ്തംഭിപ്പിച്ചു. തുടർന്ന് മുംബൈ-നാസിക് ഹൈവേയിലേക്കും ഭിവണ്ടി കൽഹേർ ഭാഗത്തേക്കുമുള്ള ഗതാഗതവും തടസ്സപ്പെട്ടു. നഗരത്തിലെ പ്രധാന പാതകളിലെല്ലാം മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നതോടെ ഗതാഗത സംവിധാനം പൂർണ്ണമായി തകരാറിലായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിന് കനത്ത പ്രയത്നമാണ് വേണ്ടി വന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദീപ് പൂർണേകറുടെ മകൻ രാം പൂർണേകർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേസിൽ ശരിയായ അന്വേഷണം നടക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് പ്രതിഷേധക്കാർ പോലീസ് സ്റ്റേഷനുകൾക്ക് മുന്നിലും തടിച്ചുകൂടി. രാത്രി വൈകിയും സമരം തുടർന്നതോടെ നഗരത്തിൽ അധിക പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

You may also like