മുംബൈ: മഹാരാഷ്ട്രയിൽ ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ നടപടികൾ ശക്തമാക്കി സൈബർ വകുപ്പ്. സംസ്ഥാനത്ത് ദിവസേന 8,000 മുതൽ 10,000 വരെ സൈബർ പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2024 ഒക്ടോബറിന് ശേഷം ഓൺലൈൻ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട 1,600 കോടിയിലധികം രൂപ മരവിപ്പിക്കാൻ മഹാരാഷ്ട്ര സൈബർ വകുപ്പിന് സാധിച്ചതായി എസ്.പി. അജയ് കുമാർ ബൻസാൽ അറിയിച്ചു. ഒരു ഓൺലൈൻ വെബിനാറിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി ഇത്തവണ സൈബർ തട്ടിപ്പുകളിലൂടെയുള്ള നഷ്ടത്തിൽ 10 മുതൽ 15 ശതമാനം വരെ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപ തട്ടിപ്പുകളും സെക്സ്ടോർഷനുമാണ് നിലവിൽ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന സൈബർ കുറ്റകൃത്യങ്ങൾ. ഓൺലൈൻ ഭീഷണികൾ നേരിട്ട 237 കുട്ടികളെയും ഈ കാലയളവിൽ സുരക്ഷിതമായി രക്ഷിക്കാൻ സാധിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ നഷ്ടപ്പെട്ട 58.13 കോടി രൂപ പൂർണ്ണമായി വീണ്ടെടുക്കാൻ മഹാരാഷ്ട്ര സൈബർ പൊലീസ് നടത്തിയ ഇടപെടലിലൂടെ സാധിച്ചിരുന്നു. ബീഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതികളെ അറസ്റ്റ് ചെയ്ത ഗ്യാസ് ബിൽ തട്ടിപ്പും വ്യാജ എം.ബി.ബി.എസ് സർട്ടിഫിക്കറ്റ് വിൽപന കേസും അടക്കം നിരവധി പ്രധാന തട്ടിപ്പുകൾ പൊലീസ് പിടികൂടിയിട്ടുണ്ട്. പണം ഇരട്ടിയാക്കി നൽകാമെന്ന വാഗ്ദാനങ്ങളും ഭയപ്പെടുത്തലുകളും മുൻനിർത്തിയാണ് തട്ടിപ്പുകാർ ആളുകളെ കുരുക്കുന്നതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.