നവിമുംബൈയിൽ മരങ്ങൾക്ക് വിഷം നൽകി നശിപ്പിക്കുന്നതായി പരാതി; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി പരിസ്ഥിതി പ്രവർത്തകർ

by WhatsUp Mumbai

നവി മുംബൈ: നവി മുംബൈയിലെ സി.ബി.ഡി. ബെലാപൂർ കില്ല ഗാവോത്തനിൽ ഇരുപത്തിയഞ്ചിലധികം പ്രായപൂർത്തിയായ മരങ്ങൾക്ക് വീണ്ടും വിഷം നൽകി നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ തേടി പരിസ്ഥിതി പ്രവർത്തകർ. സിഡ്കോ നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ  അധികൃതർക്ക് നിരന്തരം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടർന്നാണ് നാറ്റ്‌കണക്ട് ഫൗണ്ടേഷൻ (NatConnect Foundation) പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഭോക്കർ, ബദാം, ഈന്തപ്പന, പുളി, ബെരി തുടങ്ങിയ മരങ്ങളാണ് ആക്രമണത്തിന് ഇരയായത്. മരങ്ങളുടെ തൊലി ചെത്തിമാറ്റിയ നിലയിലും തടിയിൽ തുരന്ന് രാസവസ്തുക്കൾ കുത്തിവെച്ച നിലയിലുമാണ് കാണപ്പെട്ടത്. എൻ.ആർ.ഐ കോസ്റ്റൽ പൊലീസ് സ്റ്റേഷന് പിന്നിലായി, എൻ.എം.എം.സി ആസ്ഥാനത്തിന് തൊട്ടടുത്തായാണ് ഈ മരങ്ങൾ സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും മരങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ആക്ടിവിസ്റ്റുകൾ ആവശ്യപ്പെടുന്നു.

മരങ്ങൾ രക്ഷിക്കാനായി പ്ലാന്റേഷൻ വിദഗ്ധനായ രാജീവ് പാട്ടീലിന്റെ  നിർദ്ദേശപ്രകാരം പരന്ദീപ് ഗെവൽ വിഷ്ണു ജോഷി തുടങ്ങിയ ആക്ടിവിസ്റ്റുകളും പ്രദേശവാസികളും ചേർന്ന് മരങ്ങളിൽ ബോർഡോ പേസ്റ്റ് പുരട്ടുകയും ജൈവ വളങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്നും നാമമാത്രമായ നടപടികൾ മാത്രമാണ് ഉണ്ടായതെന്നും, കുട്ടികളുടെ കുസൃതിയാണെന്ന തരത്തിൽ ലളിതവൽക്കരിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും നാറ്റ്‌കണക്ട് ഡയറക്ടർ ബി. എൻ. കുമാർ  ആരോപിച്ചു

You may also like