നവി മുംബൈ: ഫോൺ വിളികളെയും ഗൂഗിൾ പേ വഴിയെത്തിയ പണമിടപാടുകളെയും ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന്, യുവതിയെ ലിവിംഗ് പങ്കാളി അടിച്ചും ചവിട്ടിയും കൊലപ്പെടുത്തി. നവി മുംബൈയിലെ കലമ്പോലിയിലാണ് നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ മോനിഷ് രഞ്ജിത് ഗോപ് (27) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ബംഗ്ലാദേശ് സ്വദേശിനിയായ പിങ്കി മോനിഷ് ഗോപ് എന്ന സോണിയ മുഹമ്മദ് അബു ഖാതൂൻ (32) ആണ് കൊല്ലപ്പെട്ടത്. കലമ്പോലി സെക്ടർ 4E-യിലെ ജെബി കോംപ്ലക്സിലുള്ള 12-ാം നമ്പർ കടമുറിയിലായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നത്. യുവതിയുടെ സ്വഭാവത്തിൽ സംശയം തോന്നിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മറ്റു പുരുഷന്മാരുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതും ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അപരിചിതരിൽ നിന്ന് പണം എത്തുന്നതും ചോദ്യം ചെയ്ത് ഒക്ടോബർ 15-ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി. തുടർന്ന് ആക്രോശിച്ചെത്തിയ മോനിഷ്, യുവതിയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും വയറ്റിലും ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും നഖം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ബോധരഹിതയായി വീണ യുവതിയെ മോനിഷ് കളമ്പോളിയിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം കളമ്പോളി പോലീസിനെ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി മോനിഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ മർദ്ദനവിവരം പുറത്തുവന്നത്. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കുറ്റം ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.