പൂനെ: വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കായിക താരങ്ങൾക്കായുള്ള സംവരണത്തിലൂടെ പൂനെ സിറ്റി പൊലീസ് സേനയിൽ ജോലി നേടിയ 19 പേരെ സർവീസിൽ നിന്ന് സ്ഥിരമായി പുറത്താക്കാൻ തീരുമാനം. പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്റ്റേറ്റ് കുരാഷ് അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ നാല് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കുരാഷ് (Kurash) എന്ന കായിക ഇനത്തിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകി സർക്കാറിന്റെ 5 ശതമാനം സ്പോർട്സ് സംവരണത്തിന്റെ ആനുകൂല്യം തട്ടിയെടുക്കുകയായിരുന്നു. 2016 മുതൽ 2026 വരെയുള്ള കാലയളവിലാണ് ഈ തട്ടിപ്പ് അരങ്ങേറിയത്. യഥാർത്ഥത്തിൽ മത്സരങ്ങൾ ഒന്നും നടക്കാതെ തന്നെ സർട്ടിഫിക്കറ്റുകൾ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഈ കേസിൽ പരിശീലനത്തിന് അയച്ച 9 പേരെ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ മറ്റ് 19-ഓളം കുരാഷ് കായിക സംഘടനകളും അന്വേഷണത്തിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.