മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് രാത്രി വൈകിയും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ മുംബൈ മെട്രോ സർവീസുകളുടെ സമയം നീട്ടി. ഒക്ടോബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ മെട്രോ ലൈൻ 2എ, 2ബി, 7, 9 എന്നിവയിൽ അർദ്ധരാത്രി 12.30 വരെ സർവീസുകൾ ലഭ്യമാകുമെന്ന് മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റി (MMRDA) അറിയിച്ചു.
ആഘോഷങ്ങളിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ കൂടുതൽ സർവീസുകൾ നടത്തും. മഹാ മുംബൈ മെട്രോയാണ് ഈ പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
അഞ്ചു ദിവസത്തെ ഈ കാലയളവിൽ വിവിധ ലൈനുകളിലായി സർവീസുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ലൈൻ 2എ-യിൽ 10 അധിക സർവീസുകളും, ലൈൻ 7, 9 എന്നിവയിൽ 14 അധിക സർവീസുകൾ വീതവും ഓടിക്കും. കൂടാതെ ലൈൻ 2ബി-യിൽ 15 അധിക സർവീസുകളും ലഭ്യമാക്കും.