മുംബൈ : മുംബൈയിൽ സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് കുറവുണ്ടായതായി മുംബൈ പൊലീസിന്റെ കണക്കുകൾ. എന്നാൽ കേസുകൾ കുറഞ്ഞത് നഗരത്തിൽ സ്ത്രീസുരക്ഷ വർധിച്ചതിന്റെ തെളിവല്ലെന്നും പരാതി നൽകാനെത്തുന്ന സ്ത്രീകളെ പൊലീസ് നിരുത്സാഹപ്പെടുത്തുന്ന സാഹചര്യമുണ്ടെന്നും അഭിഭാഷകർ ആരോപിക്കുന്നു.
മുംബൈ പൊലീസിന്റെ കണക്കുകൾ പ്രകാരം 2026 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ബലാത്സംഗ കേസുകളിൽ 8.7 ശതമാനവും വിനയഭംഗ കേസുകളിൽ 11.5 ശതമാനവും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം (2025) ഇതേ കാലയളവിൽ 653 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇത്തവണ അത് 596 ആയി കുറഞ്ഞു. ഇതിൽ അറസ്റ്റിലായവരുടെ എണ്ണം 640-ൽ നിന്ന് 588 ആയും കുറഞ്ഞിട്ടുണ്ട്. വിനയഭംഗ കേസുകൾ 1,677-ൽ നിന്ന് 1,484 ആയി കുറഞ്ഞു. ഇതിൽ അറസ്റ്റിലായവരുടെ എണ്ണം 1,672-ൽ നിന്ന് 1,455 ആയി.
ഇതിനുപുറമെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചും തെറ്റിദ്ധരിപ്പിച്ചും ലൈംഗികമായി ചൂഷണം ചെയ്ത സംഭവങ്ങളിൽ 238 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 218 പേർ അറസ്റ്റിലായി. എന്നാൽ 2025-ലെ ഇത്തരത്തിലുള്ള കണക്കുകൾ ലഭ്യമായിട്ടില്ല. 2025 മുഴുവൻ വർഷത്തിലുമായി 1,262 ബലാത്സംഗ കേസുകളും 2,468 വിനയഭംഗ കേസുകളുമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മൊത്തത്തിൽ 4 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും കേസുകൾ തെളിയിക്കുന്നതിലും പ്രതികളെ കണ്ടെത്തുന്നതിലും വലിയ പുരോഗതിയുണ്ടായെന്നും മുംബൈ പൊലീസ് കമ്മീഷണർ ദേവൻ ഭാരതി വ്യക്തമാക്കി. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മൊത്തം കുറ്റകൃത്യങ്ങളുടെ 85 ശതമാനവും കൊലപാതകം, കവർച്ച തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ 99 ശതമാനവും തെളിയിക്കാൻ പൊലീസിന് സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ പൊലീസിന്റെ ഈ വാദങ്ങൾ അഭിഭാഷക നക്സി തള്ളിക്കളഞ്ഞു. കേസുകൾ കുറഞ്ഞു എന്നത് മുംബൈയിൽ സ്ത്രീകൾ സുരക്ഷിതരാണെന്നതിന്റെ സൂചനയല്ലെന്ന് നക്സി പറഞ്ഞു. പരാതി നൽകാനെത്തുന്ന സ്ത്രീകളെ പൊലീസ് സ്റ്റേഷനുകളിൽ മാനസികമായി വിഷമിപ്പിക്കുകയും പരാതി നൽകാതിരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ട്. തന്നെ ശല്യം ചെയ്തയാൾക്കെതിരെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ തനിക്കുതന്നെ അനാവശ്യ ചോദ്യങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നെന്നും ഏകദേശം അഞ്ച് മണിക്കൂറോളം സമയമെടുത്താണ് പരാതി നൽകാനായതെന്നും അവർ ചൂണ്ടിക്കാട്ടി. കൂടാതെ തന്റെ കേസിലെ പ്രതിയെ കണ്ടെത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.