മുംബൈ: കടുത്ത വരൾച്ച ബാധിച്ച മഹാരാഷ്ട്രയിലെ കർഷകർക്കും ഗ്രാമീണർക്കും ആശ്വാസമായി 6 മുതൽ 8 മാസത്തേക്ക് നീളുന്ന സമഗ്ര ദുരിതാശ്വാസ പദ്ധതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. തൊഴിൽ, ഭക്ഷ്യധാന്യങ്ങൾ, കുടിവെള്ളം, കന്നുകാലികൾക്കുള്ള തീറ്റ എന്നിവയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ’യിൽ കേന്ദ്ര വരൾച്ച വിലയിരുത്തൽ സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ, കൃഷിമന്ത്രി ദത്താത്രയ ഭർനെ, പുനരധിവാസ മന്ത്രി മകരന്ദ് ജാധവ് പാട്ടീൽ, കേന്ദ്ര സംഘത്തലവൻ മുക്താനന്ദ് അഗർവാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർച്ചയായ വരൾച്ച കാരണം സോയാബീൻ, പരുത്തി, തുവര, കരിമ്പ് തുടങ്ങിയ വിളകൾക്ക് വൻ നാശനഷ്ടമാണുണ്ടായത്.
കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി 2027 ഓഗസ്റ്റ് വരെ ലഭ്യമായ ജലം കുടിവെള്ളത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ജലാശയങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും, കന്നുകാലികൾക്കായി ആവശ്യാനുസരണം തീറ്റയും ക്യാമ്പുകളും ഉറപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇൻഷുറൻസ് ആനുകൂല്യങ്ങൾ കർഷകർക്ക് വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.