നാസിക്-ത്രയംബകേശ്വർ കുംഭമേള: മഹാരാഷ്ട്രയിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും കോടികളുടെ വ്യാപാരവും സാധ്യമെന്ന് വിലയിരുത്തൽ

by WhatsUp Mumbai

മുംബൈ: വരാനിരിക്കുന്ന നാസിക്-ത്രയംബകേശ്വർ സിംഹസ്ഥ കുംഭമേളയിലൂടെ മഹാരാഷ്ട്രയിൽ 2,000 മുതൽ 3,000 കോടി രൂപ വരെയോ അതിലധികമോ ബിസിനസ് ഇടപാടുകൾ നടക്കാൻ സാധ്യതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT). കുംഭമേളയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തിലധികം താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സി.എ.ഐ.ടി ദേശീയ അധ്യക്ഷൻ ബാലകൃഷ്ണ ഭാരതീയ വ്യക്തമാക്കി.

കുംഭമേള പ്രാദേശിക കർഷകർക്കും വ്യാപാരികൾക്കും ടൂറിസം മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും വൻ കുതിപ്പേകുമെന്ന് ബാലകൃഷ്ണ ഭാരതീയ ചൂണ്ടിക്കാട്ടി. പ്രതീക്ഷിക്കുന്ന വൻ ഡിമാൻഡ് മുൻകൂട്ടി കണ്ട് ഉത്പന്നങ്ങളും സേവനങ്ങളും സജ്ജമാക്കാൻ പ്രാദേശിക ഉത്പാദകരും വ്യാപാരികളും തയ്യാറായാൽ വിവിധ മേഖലകളിൽ വലിയ സാമ്പത്തിക ഉണർവുണ്ടാകും.

പ്രാദേശിക ഉത്പന്നങ്ങൾക്ക് മുൻഗണന നൽകാനും കച്ചവടക്കാർക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കാനും മഹാരാഷ്ട്ര സർക്കാരിനോട് അദ്ദേഹം അഭ്യർത്ഥിച്ചു. പ്രാദേശിക വ്യാപാര മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ മേളയുടെ സാമ്പത്തിക നേട്ടം ഗ്രാമീണ തലത്തിൽ വരെ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like