ഡോ. ശശികല പണിക്കരുടെ കവിതാസമാഹാരം ‘ഗാത്താരഹേ മേരാദിൽ പ്രകാശനം ചെയ്തു

by WhatsUp Mumbai

താനെ : ഡോ. ശശികല പണിക്കരുടെ ‘ഗാത്താരഹേ മേരാദിൽ’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു. 
പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളി മാധ്യമ പ്രവർത്തകൻ പ്രേംലാലിന് ആദ്യ പ്രതി കൈമാറി. 

ഡോംബിവ്‌ലി കേരളീയ സമാജം ഹാളിൽ നടന്ന ചടങ്ങിൽ   സമാജം വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി Adv. (Dr.) ഭാസ്‌കരൻ കെ. എം. അധ്യക്ഷനായിരുന്നു. സമാജം പ്രസിഡന്റ് ഇ പി വാസു ആശംസകൾ നേർന്ന് സംസാരിച്ചു.

എഴുത്തുകാരൻ നിരണം കരുണാകരൻ പുസ്തകപരിചയം നടത്തി. ഒരു സംരംഭകയുടെ വിജയത്തിനപ്പുറം, ഒരു എഴുത്തുകാരിയുടെ മനസ്സും ഭാവനയും ഈ പുസ്തകത്തിലൂടെ പരിചയപ്പെടാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് നിരണം  വ്യക്തമാക്കി 

തുടർന്ന് എഴുത്തുകാരൻ മനോജ് അയ്യനേത്ത് പുസ്തക അവലോകനവും ചർച്ചയും  ഉദ്ഘാടനം ചെയ്തു. ചർച്ചയിൽ മുംബൈയിലെ പ്രമുഖ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന സദസ്സ് സജീവമായി പങ്കെടുത്തു. 

പുസ്തകത്തിന്റെ രചയിതാവ് ഡോ. ശശികല പണിക്കർ മറുപടി പ്രസംഗം നടത്തി.

മഹാരാഷ്ട്രയിലെ മലയാളി വനിതാ സംരംഭകർക്കിടയിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ് ഡോ. ശശികല പണിക്കർ. സംരംഭകമേഖലയിലെ തിരക്കുകൾക്കിടയിലും സാഹിത്യത്തോടും കവിതയോടും  പുലർത്തുന്ന ആത്മബന്ധം ശ്ലാഘനീയമാണ് . 

പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീകുമാർ മാവേലിക്കര ചടങ്ങ് നിയന്ത്രിച്ചു . 
സാഹിത്യകാരൻ ജോയ് ഗുരുവായൂർ ഏകോപനം നിർവഹിച്ചു.

You may also like