താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും വർണ്ണാഭമായി സംഘടിപ്പിച്ചു

by admin

താനെ: താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷവും കുടുംബസംഗമവും ഓണസദ്യയും വൈവിധ്യമാർന്ന പരിപാടികളോടെ വർണ്ണാഭമായി ആഘോഷിച്ചു. ഒക്ടോബർ 4 ഞായറാഴ്ച താനെ ഋതു പാർക്കിനടുത്തുള്ള നക്ഷത്ര ഹാളിൽ വെച്ച് നടന്ന ചടങ്ങുകൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം. ആർ. സുധാകരൻ, സെക്രട്ടറി പി. കെ. രമേശൻ, ട്രഷറർ ബി. പ്രസാദ്, മുൻ പ്രസിഡന്റ് ഭരതൻ മേനോൻ, ബാലകൃഷ്ണൻ എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

മുംബൈയിലെ അറിയപ്പെടുന്ന ഗായികയും അസോസിയേഷൻ കുടുംബാംഗവുമായ സിദ്ധിജ രമേശിന്റെ ഈശ്വരപ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. വൈസ് പ്രസിഡന്റ് ഇടശ്ശേരി രാമചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് എം. ആർ. സുധാകരൻ അധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് താനെ നഗരസഭ മുൻ ഡെപ്യൂട്ടി മേയറും കോർപറേറ്ററുമായ മിലിന്ദ് പാട്ടങ്കർ, വൃന്ദാവൻ കോർപറേറ്റർ സുചിത പാട്ടങ്കർ എന്നീ വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും അണിനിരന്ന വർണ്ണാഭമായ കലാപരിപാടികൾ അരങ്ങേറി. ശാലിനി പ്രസാദിന്റെ നേതൃത്വത്തിൽ രജനി ബാലകൃഷ്ണൻ, വിജയ രമേശൻ, രമ്യ രവികുമാർ, ഷിൽന പ്രകിത്, ശ്രുതി ജിഷ്ണു, ഫ്രൻസി ബിപിൻ, കീർത്തന സഞ്ജീവ് എന്നിവർ കൈകൊട്ടിക്കളിയും വിവിധ നൃത്തരൂപങ്ങളും അവതരിപ്പിച്ചു. കെ. എം. സുരേഷിന്റെ നേതൃത്വത്തിൽ മോഹൻ മേനോൻ, ബാലകൃഷ്ണൻ, രമേശൻ, പ്രസാദ്, രാമചന്ദ്രൻ എന്നിവർ സിനിമാറ്റിക് ഡാൻസുകളുമായി വേദിയിലെയത്തി.

രാധാകൃഷ്ണൻ, രമേഷ് പിള്ളൈ, രമേഷ് പിള്ളൈ (ശ്രീമതി), സിദ്ധിജ രമേഷ്, നാരായണൻകുട്ടി നമ്പ്യാർ, എസ്. എസ്. നാരായണൻ, സുരേഷ്, അമ്പാട്ട് നാരായണൻ എന്നിവർ ചേർന്നാലപിച്ച സിനിമാ ഗാനങ്ങളും, ശ്രുതി ജിഷ്ണു, വിജയ രമേശൻ, രമ്യ രവികുമാർ, രമേശൻ, പ്രസാദ്, സുരേഷ്, ബാലകൃഷ്ണൻ, രാമചന്ദ്രൻ എന്നിവർ അവതരിപ്പിച്ച ഓണപ്പാട്ടുകളും സദസ്സിന് പൊന്നോണക്കാഴ്ചയായി. കുട്ടികളായ അനുഗ്രഹ നായർ, അലിഷ ബിപിൻ എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചപ്പോൾ ഋതിക് പ്രസാദ് മഹാബലിയുടെ വേഷത്തിലെത്തി എല്ലാവർക്കും ഓണാശംസകൾ നേർന്നു.

ഇടശ്ശേരി രാമചന്ദ്രൻ, പ്രകാശ് നായർ എന്നിവർ അവതാരകരായ ചടങ്ങുകൾക്ക് അസോസിയേഷൻ അംഗങ്ങളും കമ്മിറ്റി അംഗങ്ങളുമായ ഉണ്ണികൃഷ്ണൻ, രവികുമാർ, അജിതകുമാർ വക്കാട്ട്, മാലിനി അജിത്, ജിനചന്ദ്രൻ, അനൂപ്, അജിത് രാജപ്പൻ, സുരേഷ്, ദാമോദരൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. ഉച്ചയ്ക്ക് 2 മണിക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾ സമാപിച്ചു. അസോസിയേഷൻ സെക്രട്ടറി പി. കെ. രമേശൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

You may also like