നവിമുംബൈ: ബോംബെ യോഗക്ഷേമസഭയുടെ വാർഷിക ഓണാഘോഷ പരിപാടിയായ ‘ഒന്നിച്ചോണം‑26’ വാശി ശ്രീ ബാലാജി മന്ദിർ ബാൻകറ്റ് ഹാളിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. രാവിലെ 9.30-ന് പുതുതലമുറയിലെ കുട്ടികളുടെ സാന്നിധ്യത്തിൽ സഭയിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സഭാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. സഭയുടെ ദേഹണ്ണം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു.

സഭയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ അംഗങ്ങളും ഐക്യത്തോടെയും സഹകരണത്തോടെയും നിലകൊള്ളണമെന്ന്, ഓണാഘോഷ യോഗത്തിൽ സ്വാഗതപ്രസംഗം നടത്തിയ സെക്രട്ടറി വിനീത് നാരായണൻ ആഹ്വാനം ചെയ്തു. സഭയുടെ ഭാവി പദ്ധതികളെക്കുറിച്ചും മുന്നോട്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചും പ്രസിഡന്റ് വിജു മരുതശ്ശേരിൽ അധ്യക്ഷ പ്രസംഗത്തിൽ വിശദീകരിച്ചു. തുടർന്ന് സംസാരിച്ച മുരളി നരിപ്പറ്റ, നമ്പൂതിരീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയെക്കുറിച്ച് അംഗങ്ങൾക്ക് വിശദീകരണം നൽകുകയും സ്ഥാപനത്തിന്റെ വളർച്ചയ്ക്കും മുന്നേറ്റത്തിനുമായി സഭാംഗങ്ങളുടെ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം നടന്ന ഭാസ്കരൻ മാഷ് അനുസ്മരണത്തിന്റെ ഭാഗമായി 80-ഓളം വനിതാംഗങ്ങൾ അണിനിരന്ന മെഗാ കൈകൊട്ടിക്കളി ആഘോഷങ്ങൾക്ക് വലിയ വർണ്ണപ്പകിട്ടേകി. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കളമത്സരത്തിൽ 5 ടീമുകൾ മാറ്റുരച്ചതിൽ ചെമ്പൂർ-അണുശക്തി നഗർ ടീം ഒന്നാം സ്ഥാനവും ഡോംബിവ്ലി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുട്ടികൾക്കായി ക്ലേ മോഡലിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു.



