കൊങ്കൺ റൂട്ടിൽ ട്രെയിൻ മോഷണം പതിവാകുന്നു:അടിയന്തര നടപടി ആവശ്യപ്പെട്ട് റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മീഷണർക്ക് ‘ആത്മ’ നിവേദനം നൽകി

by WhatsUp Mumbai

താനെ : കൊങ്കൺ റൂട്ടിൽ ഓടുന്ന ദീർഘദൂര ട്രെയിനുകളിലെ കോച്ചുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും തുടർച്ചയായി ഉണ്ടാകുന്ന വൻ കവർച്ചകളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ താനെ മലയാളി അസോസിയേഷൻ (ആത്മ ) കൊങ്കൺ റെയിൽവേ ചീഫ് സെക്യൂരിറ്റി കമ്മീഷണർ അഭിഷേക് കുമാറിന് നിവേദനം നൽകി.

സെപ്റ്റംബർ 27-ന് എറണാകുളം – അജ്മീർ മരുസാഗർ എക്സ്പ്രസിൽ (ട്രെയിൻ നമ്പർ: 12977) യാത്ര ചെയ്ത പത്തനംതിട്ട സ്വദേശികളായ കുടുംബത്തിന്റെ എട്ട് ലക്ഷം രൂപയുടെ സാധനങ്ങൾ അടങ്ങിയ ബാഗ് മൂകാംബിക ഭാഗത്തുവെച്ച് രാത്രിയിൽ കവർന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടന രംഗത്തെത്തിയത്. ഇതേ ട്രെയിനിൽ ഓഗസ്റ്റ് 30-നും സമാനമായ രീതിയിൽ വൻ തുകയുടെ മോഷണം നടന്നിരുന്നു. കൂടാതെ, നേത്രാവതി എക്സ്പ്രസിലും (ട്രെയിൻ നമ്പർ: 16346) സമാനമായ സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കൂടുതൽ തുക നൽകി എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷ ലഭിക്കുന്നില്ലെന്ന് ആത്മ ചൂണ്ടിക്കാട്ടി. അനാവശ്യമായി ആളുകൾ എസി കോച്ചുകളിൽ പ്രവേശിക്കുന്നത് തടയാൻ ജീവനക്കാരോ ആർപിഎഫോ ശ്രദ്ധിക്കുന്നില്ല. രാത്രികാലങ്ങളിൽ കോച്ച് അറ്റൻഡന്റ്മാരുടെയും ഹൗസ് കീപ്പിംഗ് ജീവനക്കാരുടെയും ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയും കൃത്യമായ പരിശോധനയില്ലാത്തതും കള്ളന്മാർക്ക് സഹായകരമാകുന്നു. ആർപിഎഫിന്റെ രാത്രികാല പട്രോളിംഗും ഈ പാതയിൽ കാര്യക്ഷമമല്ല.

സെപ്റ്റംബർ 27-ന് നടന്ന മോഷണത്തിൽ അടിയന്തര അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും മോഷണം പോയ വസ്തുക്കൾ വീണ്ടെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ച അന്വേഷിക്കുക, കൊങ്കൺ പാതയിലെ ട്രെയിനുകളിൽ രാത്രികാല ആർപിഎഫ്/ജിആർപി പട്രോളിംഗ് ശക്തമാക്കുക, എസി കോച്ചുകളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കുക, സിസിടിവി നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

കേന്ദ്ര റെയിൽവേ മന്ത്രി, സെൻട്രൽ റെയിൽവേ ജനറൽ മാനേജർ എന്നിവർക്കും മുംബൈയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കൂടിയായ ആത്മ പ്രസിഡന്റ് ശശികുമാർ നായർ നിവേദനത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

You may also like