ഭയന്ദർ ഇടവക രജത ജൂബിലി സമാപനം ഒക്ടോബർ രണ്ടിന്; വിശിഷ്ടാതിഥികളായി മന്ത്രി പ്രതാപ് സര്‍നായിക്കും മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും

by WhatsUp Mumbai

മീരാ റോഡ്: ഭയന്ദർ തിരുഹൃദയ കത്തോലിക്കാ ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഒക്ടോബർ രണ്ടിന് വൈകുന്നേരം അഞ്ചുമണി മുതൽ മീരാ റോഡ് ലതാ മങ്കേഷ്കർ ഓഡിറ്റോറിയത്തിൽ നടക്കും. ഒരു വർഷം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് ഇതോടെ സമാപനമാകുന്നത്.

കല്യാൺ അതിരൂപത മെത്രാപ്പോലീത്ത മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ കല്യാൺ രൂപത മുൻ മെത്രാൻ മാർ തോമസ് ഇലവനാൽ, മഹാരാഷ്ട്ര ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സര്‍നായിക്, മിരാ ഭയന്ദർ എംഎൽഎ നരേന്ദ്ര മേത്ത, ഇടവകയിൽ സേവനമനുഷ്ഠിച്ച മുൻ വികാരിമാർ, സിസ്റ്റേഴ്സ് തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

പൊതുസമ്മേളനത്തിന് ശേഷം പ്രശസ്ത ഗായകൻ ലിബിൻ സ്കറിയ, മിമിക്രി ആർട്ടിസ്റ്റ് മഹേഷ് കുഞ്ഞുമോൻ തുടങ്ങിയവർ നയിക്കുന്ന കലാസന്ധ്യ അരങ്ങേറും.

ഒക്ടോബർ നാലിന് രാവിലെ 9 മണിക്ക് മാർ തോമസ് ഇലവനാലിന്റെ കാർമികത്വത്തിൽ നടത്തപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാനയോടെ ജൂബിലി ആഘോഷങ്ങൾക്ക് പൂർണ്ണ തിരശ്ശീല വീഴുമെന്ന് ഇടവക വികാരി ഫാ. സോജി പേഴത്തുങ്കൽ അറിയിച്ചു.

You may also like