ശിശു പോഷകാഹാര ഉൽപ്പന്നങ്ങൾക്ക് വിലക്ക് കടുപ്പിച്ചു; പരസ്യങ്ങൾക്കും ഓഫറുകൾക്കും നിരോധനം ഏർപ്പെടുത്തി എഫ്.ഡി.എ

by WhatsUp Mumbai

​മുംബൈ: ശിശുക്കൾക്കുള്ള പാൽപ്പൊടികൾക്കും മറ്റ് കൃത്രിമ ഭക്ഷണ പദാർത്ഥങ്ങൾക്കും നിയന്ത്രണങ്ങൾ കടുപ്പിച്ച് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ). കുഞ്ഞുങ്ങളുടെ പോഷകാഹാര ഉൽപ്പന്നങ്ങളുടെ ലേബലിങ്, വിൽപ്പന, പരസ്യം എന്നിവയ്ക്കാണ് പുതിയ നിബന്ധനകൾ പ്രാബല്യത്തിലാക്കിയത്. നിർമാതാക്കൾ, ഇറക്കുമതിക്കാർ, വിതരണക്കാർ, റീട്ടെയിലർമാർ, ഫാർമസികൾ, ആശുപത്രി വിതരണക്കാർ, ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമുകൾ എന്നിവർക്കെല്ലാം ഈ നിർദേശം ബാധകമാണ്.

ഉൽപ്പന്നങ്ങളുടെ പാക്കറ്റിന്റെ മുൻവശത്ത് “പ്രധാന മുന്നറിയിപ്പ്: കുഞ്ഞിന് ഏറ്റവും ഉത്തമം അമ്മപ്പാലാണ്” (IMPORTANT NOTICE & MOTHER’S MILK IS BEST FOR YOUR BABY) എന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്ന് എഫ്.ഡി.എ കമ്മീഷണർ തുകാറാം മുണ്ഡെ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പാൽപ്പൊടികൾക്കും മറ്റ് ബോട്ടിൽ ഫീഡിങ് ഉൽപ്പന്നങ്ങൾക്കും ഡിസ്കൗണ്ടുകൾ നൽകുന്നതും സൗജന്യ സാമ്പിളുകൾ വിതരണം ചെയ്യുന്നതും ഇൻഫ്ലുവൻസർമാർ വഴി പരസ്യം ചെയ്യുന്നതും പൂർണ്ണമായി നിരോധിച്ചു. കൃത്രിമ ഭക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഡോക്ടർമാർക്കോ മെഡിക്കൽ കോൺഫറൻസുകൾക്കോ സാമ്പത്തിക സഹായവും സ്പോൺസർഷിപ്പും നൽകുന്നതിനും വിലക്കുണ്ട്.

ബേബി സീരിയൽ’, ‘ഹെൽത്ത് മിക്സ്’, ‘സ്റ്റേജ് ഫുഡ്’, ‘ന്യൂട്രീഷൻ പൗഡർ’ എന്നീ പേരുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത് എഫ്.ഡി.എ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഒപ്പം, സ്വകാര്യ വ്യക്തികളോ സ്ഥാപനങ്ങളോ മുലപ്പാൽ ശേഖരിച്ച് ഓൺലൈൻ വഴി വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എഫ്.ഡി.എ വ്യക്തമാക്കി. 1992-ലെ ഇൻഫന്റ് മിൽക്ക് സബ്സ്റ്റിറ്റ്യൂട്ട്സ് ആക്ടും 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ടും സംയോജിപ്പിച്ചാണ് നിയമനടപടികൾ ശക്തമാക്കുന്നത്.

എൻ.എച്ച്.എഫ്.എസ്-6 (NFHS-6) കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ മുലപ്പാൽ ലഭിക്കുന്ന കുഞ്ഞുങ്ങൾ 53.2 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് എഫ്.ഡി.എ നിരീക്ഷണവും നിയമവും കടുപ്പിച്ചത്. പുതിയ ഉത്തരവ് പ്രകാരം നിർമാതാക്കൾ 30 ദിവസത്തിനകം സ്വയം പരിശോധന പൂർത്തിയാക്കണം. നിയമം ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ വരെ പിഴയും ലൈസൻസ് റദ്ദാക്കലും മൂന്ന് വർഷം വരെ തടവുശിക്ഷയും ലഭിക്കും.

You may also like