താനെ: മഹാരാഷ്ട്രയിലെ താനെയിൽ ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) നേതാവ് പ്രദീപ് പൂർണേക്കർ (ബാല) വെടിയേറ്റു കൊല്ലപ്പെട്ടു. താനെയിലെ ഗൊഡ്ബന്ദർ റോഡിലുള്ള മാൻപാഡ ഏരിയയിലെ പാർട്ടി ഓഫീസിന് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്.
അജ്ഞാതരായ ആക്രമികൾ പ്രദീപ് പൂർണേക്കർക്ക് നേരെ രണ്ടു തവണ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
സംഭവത്തെ തുടർന്ന് മാൻപാഡ, മനോരമാ നഗർ പ്രദേശങ്ങളിൽ വൻ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വിവരമറിഞ്ഞ് നിരവധി പ്രാദേശിക പാർട്ടി പ്രവർത്തകരും പ്രദേശവാസികളും സ്ഥലത്തു തടിച്ചുകൂടി. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി കാപൂർബാവ്ഡി പോലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വൻ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ കാപൂർബാവ്ഡി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനവാസ മേഖലയിലുണ്ടായ കൊലപാതകം താനെ നഗരത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്കയുയർത്തിയിട്ടുണ്ട്.