മുംബൈ: നഗരത്തിലെ പൊതുഗതാഗത സംവിധാനമായ ബെസ്റ്റ് (BEST) ഒക്ടോബർ 5 മുതൽ ബസ് റൂട്ടുകളിൽ പ്രധാന മാറ്റങ്ങൾ വരുത്തുന്നു. യാത്രക്കാരുടെ തിരക്കും ആവശ്യകതയും പരിഗണിച്ച് 14 ബസ് റൂട്ടുകളാണ് ബെസ്റ്റ് പുനഃക്രമീകരിക്കുന്നത്. ഇതിൽ എട്ട് റൂട്ടുകളിൽ പുതിയ എസി ബസ് സേവനങ്ങൾ ആരംഭിക്കുമ്പോൾ, ഒരു റൂട്ട് പൂർണ്ണമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ഘാട്കോപ്പറിനും ബോറിവലിക്കും ഇടയിൽ സർവീസ് നടത്തിയിരുന്ന A-471 എന്ന റൂട്ടാണ് ബെസ്റ്റ് പൂർണ്ണമായും റദ്ദാക്കിയത്. ഇതിനുപുറമെ, എട്ട് പ്രമുഖ റൂട്ടുകൾ എസി സർവീസുകളാക്കി ഉയർത്തിയിട്ടുണ്ട്. യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റൂട്ടുകളിൽ എസി ബസുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ചിരിക്കുന്നത്.
ബാക്കിയുള്ള റൂട്ടുകളിൽ സമയക്രമത്തിലും റൂട്ട് പാതകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒക്ടോബർ 5 മുതൽ നിലവിൽ വരുന്ന ഈ മാറ്റങ്ങൾ യാത്രക്കാർ മുൻകൂട്ടി മനസ്സിലാക്കി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് ബെസ്റ്റ് അധികൃതർ അഭ്യർത്ഥിച്ചു. പരിഷ്കരിച്ച റൂട്ടുകളുടെ വിവരങ്ങൾ ബെസ്റ്റ് ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.