മരുസാഗർ എക്സ്പ്രസിൽ വീണ്ടും വൻ മോഷണം: മലയാളി കുടുംബത്തിന്റെ 8 ലക്ഷം രൂപയുടെ സ്വർണ്ണവും ബാഗും കവർന്നു; ദീർഘദൂര യാത്രക്കാർ ഭീതിയിൽ

by WhatsUp Mumbai

മുംബൈ :12977 മരുസാഗർ എക്സ്പ്രസ് ട്രെയിനിൽ വീണ്ടും വൻ മോഷണം. സെക്കൻഡ് എസിയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിയും കഴിഞ്ഞ 40 വർഷമായി ജയ്പൂരിൽ സ്ഥിരതാമസക്കാരനുമായ മന്മഥൻ നായർക്കും കുടുംബത്തിനുമാണ് വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. നാട്ടിലെ സന്ദർശനം കഴിഞ്ഞ് സെപ്റ്റംബർ 27-ന് വൈകുന്നേരം എറണാകുളത്തു നിന്നാണ് ഇവർ ട്രെയിനിൽ കയറിയത്. ജയ്പൂരിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

നാലര പവൻ സ്വർണം, 12,000 രൂപ പണം, മൊബൈൽ ഫോൺ, വിവിധ രേഖകൾ, വീടിന്റെയും മറ്റും താക്കോലുകൾ എന്നിവയടക്കം എട്ടു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പുലർച്ചെ മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ മൂകാംബികയ്ക്കും കുംടാക്കുമിടയിൽ വെച്ചാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. രാത്രി തലയിണയ്ക്കരികിൽ വെച്ചു ഉറങ്ങിയ ബാഗ് രാവിലെ നോക്കിയപ്പോഴാണ് കാണാതായത്. മുൻപ് മംഗലാപുരത്തിനും ഉഡുപ്പക്കുമിടയിലാണ് മോഷണം നടന്നതെന്ന വിവരമുണ്ടായിരുന്നെങ്കിലും, പുലർച്ചെ മൂകാംബിക-കുംടാ മേഖലയിലാണ് സംഭവം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.

സെക്കൻഡ് എസി കോച്ചിൽ യാത്രക്കാർ സുരക്ഷിതരാണെന്ന വിശ്വാസത്തിലാണ് സഞ്ചരിക്കുന്നത്. എന്നാൽ രാത്രികാലങ്ങളിൽ ആരാണ് കോച്ചിൽ കയറുന്നതെന്നോ, ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങിപ്പോകുന്നതെന്നോ അറിയാൻ അറ്റൻഡർമാർ യാതൊരു ശ്രദ്ധയും പുലർത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 30-നും ഇതേ ട്രെയിനിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. ദീർഘദൂര യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്ന് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകൻ അനിൽ കുമാർ ആവശ്യപ്പെട്ടു.

തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ദീർഘദൂര ട്രെയിൻ യാത്രക്കാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എസി കോച്ചുകളിൽ പോലും സുരക്ഷയില്ലാത്ത അവസ്ഥയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ ജാഗ്രതക്കുറവും യാത്രക്കാരിൽ വലിയ ആശങ്കയ്ക്കിടയാക്കുന്നു. രാത്രികാലങ്ങളിൽ കോച്ചുകളിലേക്ക് അപരിചിതർ കടന്നുകൂടുന്നത് തടയാനും യാത്രക്കാരുടെ ജീവനും സ്വത്തിനും ഉറപ്പു വരുത്താനും റെയിൽവേ അധികൃതരും ആർ.പി.എഫും ശക്തമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

You may also like