മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ: മഹാരാഷ്ട്രയിലെ ആദ്യ സ്റ്റീൽ ബ്രിഡ്ജ് യാഥാർഥ്യമായി

by WhatsUp Mumbai

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പാതയുടെ നിർമാണത്തിൽ പ്രധാന നാഴികക്കല്ല് പിന്നിട്ട് മഹാരാഷ്ട്ര. താനെ ജില്ലയിലെ ഭിവണ്ടി ദിവെ-അഞ്ജൂർ ഗ്രാമത്തിന് സമീപം നാസിക് ഹൈവേയ്ക്ക് (എൻഎച്ച്-3) കുറുകെ നിർമിച്ച പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യ സ്റ്റീൽ പാലം വിജയകരമായി സ്ഥാപിച്ചു.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള വർക്ക്‌ഷോപ്പിൽ നിർമിച്ച ഈ ഭീമൻ പാലം 1,300 കിലോമീറ്ററിലധികം ട്രെയിലറുകളിൽ എത്തിച്ചാണ് നിർമാണ സ്ഥലത്ത് കൂട്ടിയോജിപ്പിച്ചത്. 100 മീറ്റർ നീളവും 14 മീറ്റർ ഉയരവും 14 മീറ്റർ വീതിയുമുള്ള പാലത്തിന് 1,405 മെട്രിക് ടൺ ഭാരമുണ്ട്. ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ രാത്രി സമയങ്ങളിലാണ് സ്ഥാപിക്കൽ നടപടികൾ പൂർത്തിയാക്കിയത്.

​മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ ആകെ 28 സ്റ്റീൽ പാലങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 16 പാലങ്ങളുടെ നിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകളും വിദേശ വിദഗ്ധർ സാക്ഷ്യപ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തിയാണ് എൻഎച്ച്എസ്ആർസിഎൽ (NHSRCL) നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.

You may also like