നാഗ്പൂർ: കേരളീയ സമാജം നാഗ്പൂരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വൈവിധ്യമാർന്ന കലാപരിപാടികളോടെയും ഗംഭീര ഓണസദ്യയോടെയും സംഘടിപ്പിച്ചു. സായ് സഭ ഗൃഹ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രൗഢഗംഭീരമായ സാന്നിധ്യവുമായി മെമ്പർമാരും അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
താലപ്പൊലിയുടെ അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. സമാജം പ്രസിഡന്റ് ലിജോ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥി വികാസ് താക്കറെ എംഎൽഎ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റിന്റെ സ്വാഗത ഭാഷണത്തിന് ശേഷം വികാസ് താക്കറെ എംഎൽഎ, സമാജം ജനറൽ സെക്രട്ടറി രാജഗോപാൽ എന്നിവർ സംസാരിച്ചു. നാഗപൂർ മലയാളി സമൂഹത്തിന് എന്നും തന്റെ പിന്തുണയുണ്ടാകുമെന്ന് വികാസ് താക്കറെ ഉറപ്പുനൽകി.
ചടങ്ങിൽ സമാജത്തിലെ മുൻ അധ്യക്ഷന്മാരെയും മറ്റ് വിശിഷ്ടാതിഥികളെയും ആദരിച്ചു. സമാജത്തിലെ മുഴുവൻ അംഗങ്ങളും നോർക്ക കാർഡ് എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനറൽ സെക്രട്ടറി എടുത്തുപറഞ്ഞു.
തുടർന്ന് അംബാചാരി തടാകത്തിലേക്ക് ഗംഗാപ്രവാഹം ഒഴുകിയെത്തിയത് പോലെയുള്ള അനുഭൂതി പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് കോട്ടയം സൂര്യ ഗംഗയുടെ കലാപരിപാടികൾ അരങ്ങേറി. കലാസ്നേഹികളെയും സംഗീതപ്രേമികളെയും ആനന്ദത്തിലാറാടിച്ച പ്രകടനമാണ് സംഘം കാഴ്ചവെച്ചത്. യൂത്ത് വിങ്, ലേഡീസ് വിങ് ഭാരവാഹികളുടെയും എക്സിക്യൂട്ടീവ് മെമ്പർമാരുടെയും സജീവ സാന്നിധ്യമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
രണ്ടാം ദിവസമായ സെപ്റ്റംബർ 27-ന് കേരളീയ സമാജം നാഗ്പൂരിന്റെ വിശാലമായ ഹാളിൽ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ഈ വർഷത്തെ ആഘോഷ പരിപാടികൾക്ക് സമാപ്തിയായത്.