മുംബൈ: തിരഞ്ഞെടുപ്പ് കമ്മീഷനും ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്യാനേഷ് കുമാറിനുമെതിരെ ഒക്ടോബർ രണ്ടിന് ദാദറിലെ ശിവജി പാർക്കിൽ പ്രക്ഷോഭം നടത്താൻ അനുമതി തേടിയ കൊക്ക്റോച്ച് ജനതാ പാർട്ടിക്ക് (CJP) മുംബൈ പോലീസ് അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചെങ്കിലും ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് മുംബൈയിൽ വൻ ‘ജയിൽ ഭരോ’ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. പാർട്ടിയുടെ ദേശീയ സംഘാടക ചുമതലയുള്ള അജിങ്ക്യ ഷിൻഡെ നൽകിയ അപേക്ഷയിലാണ് പോലീസ് നടപടി.
കായിക ആവശ്യങ്ങൾക്കല്ലാതെ ശിവജി പാർക്ക് പരിപാടികൾക്കായി വിട്ടുനൽകുന്നതിൽ ബോംബെ ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കുകളും സംസ്ഥാന സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങളും ചൂണ്ടിക്കാട്ടിയാണ് പോലീസ് നീക്കം. ഗ്രൗണ്ട് ഉപയോഗിക്കുന്നതിന് ബൃഹന്മുംബൈ കോർപ്പറേഷന്റെ (BMC) അനുമതി പത്രം ഹാജരാക്കാൻ അപേക്ഷകർക്ക് സാധിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രദേശം നിശബ്ദ മേഖലയും (Silence Zone) ജനവാസ മേഖലയുമായതിനാൽ ശബ്ദമലിനീകരണത്തിനും രൂക്ഷമായ ഗതാഗതക്കുരുക്കിനും സാധ്യതയുണ്ടെന്നും ഇത് സമീപത്തെ ആശുപത്രികളിലേക്കുള്ള രോഗികളുടെ സഞ്ചാരത്തെ ബാധിച്ചേക്കാമെന്നും സിജെപിയെ അറിയിച്ച കത്തിൽ വ്യക്തമാക്കുന്നു. മുംബൈയിൽ മറ്റ് ഉചിതമായ സ്ഥലങ്ങളിൽ സമരം നടത്താൻ അപേക്ഷ നൽകിയാൽ അത് പരിഗണിക്കാമെന്ന് സിജെപി നേതാക്കളായ അജിങ്ക്യ ഷിൻഡെയെയും അക്ഷയ് ഷിൻഡെയെയും പോലീസ് അറിയിച്ചിട്ടുണ്ട്.
നാഷണൽ കൺവീനർ അഭിജീത് ദിപ്കെ, കോ-കൺവീനർമാരായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനുള്ള പോലീസിന്റെ ശ്രമം അംഗീകരിക്കാനാവില്ലെന്നും തടയാൻ ശ്രമിച്ചാൽ പ്രക്ഷോഭം ശക്തമാക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അഭിജീത് ദിപ്കെ പ്രതികരിച്ചു. ആസാമിൽ പത്രസമ്മേളനത്തിലും യോഗങ്ങളിലും പങ്കെടുക്കാനെത്തിയ അശുതോഷ് റാങ്കയെ അസം പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ഇതിനിടെ പ്രക്ഷോഭത്തിന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.