താനെ: താനെയിലെ വാഗ്ലെ എസ്റ്റേറ്റിൽ വൻ പെൺവാണിഭ സംഘത്തെ ക്രൈംബ്രാഞ്ചിലെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് സെൽ (AHTC) പിടികൂടി. സംഘത്തെ നയിച്ചിരുന്ന മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 26-കാരിയായ നടിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദി വെബ് സീരീസുകളിലും ഭോജ്പുരി സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് പിടിയിലായത്. ചതിയിൽപ്പെടുത്തി ഈ മേഖലയിലേക്ക് എത്തിച്ച രണ്ട് വനിതാ അഭിനേത്രികളെ പോലീസ് സംഘം രക്ഷപ്പെടുത്തി.
നടി സ്ത്രീകളെ വാഗ്ലെ എസ്റ്റേറ്റിലെ ബാറിലും റെസ്റ്റോറന്റിലും എത്തിക്കുന്നുണ്ടെന്ന കൃത്യമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കെണിയൊരുക്കിയത്. വ്യാജ ഇടപാടുകാരനെ അയച്ച് പ്രതിയുമായി ബന്ധപ്പെടുകയും ഡീൽ ഉറപ്പിച്ച ശേഷം വാഗ്ലെ എസ്റ്റേറ്റിന് സമീപമുള്ള സ്ഥലത്തെത്തിയ നടിയെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും പോലീസ് തടഞ്ഞുവെച്ച് കൈയോടെ പിടികൂടുകയുമായിരുന്നു.
സിനിമകളിലും സീരീസുകളിലും അഭിനയിക്കാൻ അവസരങ്ങൾ കുറഞ്ഞതും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് നടിയെ അനധികൃത പെൺവാണിഭ ശൃംഖല നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവസ്ഥലത്തുനിന്ന് പണവും മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. രക്ഷപ്പെടുത്തിയ രണ്ട് നടിമാരെയും പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
സംഭവത്തിൽ വാഗ്ലെ എസ്റ്റേറ്റ് പോലീസ് സ്റ്റേഷനിൽ അന്യായ വ്യാപാര നിരോധന നിയമപ്രകാരം (PITA) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായ നടിയുടെ ഫോൺ രേഖകളും പശ്ചാത്തലവും പരിശോധിച്ചു വരികയാണെന്നും, പെൺവാണിഭ ശൃംഖലയുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.