മുംബൈ :അഞ്ചുദിവസ പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) ഉറപ്പുനൽകിയതിനെത്തുടർന്ന് രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്ന മൂന്നുദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (UFBU) നേതൃത്വത്തിൽ നടത്താനിരുന്ന സമരം മാറ്റിവെച്ചതോടെ തിങ്കളാഴ്ച ബാങ്കുകൾ സാധാരണപോലെ പ്രവർത്തിക്കും. അർദ്ധവാർഷിക ക്ലോസിങ് ദിനങ്ങളോട് അനുബന്ധിച്ചായിരുന്നു സമരം ആഹ്വാനം ചെയ്തിരുന്നത്.
എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും ഉൾപ്പെടുന്ന ഉന്നതതല സമിതിക്ക് ഉടൻ രൂപം നൽകും. ഇടപാടുകാർക്കും ബാങ്കുകൾക്കും അനുയോജ്യമായ തീരുമാനം ഈ സമിതി കൈക്കൊള്ളുമെന്ന് ബാങ്ക് യൂണിയനുകൾ അറിയിച്ചു.
സ്കെയിൽ IV-ഉം അതിനുമുകളിലുമുള്ള ഉദ്യോഗസ്ഥർക്കുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയിലെ ഭേദഗതികളെക്കുറിച്ച് ഐബിഎയുമായി ചർച്ച നടത്തും. 2024 മാർച്ച് 8-ലെ മിനിറ്റ്സിൽ പരാമർശിച്ചിട്ടുള്ള മറ്റ് കുടിശ്ശിക വിഷയങ്ങളും വേഗത്തിൽ പരിഹരിക്കാൻ ധാരണയായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം താത്കാലികമായി മാറ്റിവെക്കാൻ യൂണിയനുകൾ തീരുമാനിച്ചത്.