വേദിയിൽ ഉദ്ധവും രാജ് താക്കറെയും; പഴയ ബന്ധവും വിള്ളലും ഓർമ്മിപ്പിച്ച് ഫഡ്‌നാവിസിന്റെ നിർണായക പരാമർശം

by admin

മുംബൈ: 2019-ന് മുൻപുള്ള സൗഹൃദത്തെയും രാഷ്ട്രീയ സംഭവവികാസങ്ങളെയും ഓർമ്മിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടത്തിയ പരാമർശം സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നു. മുംബൈയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ടുള്ള ഫഡ്‌നാവിസിന്റെ പരാമർശം.

എഡിറ്ററും കാർട്ടൂണിസ്റ്റുമായ പ്രശാന്ത് കുൽക്കർണി തയ്യാറാക്കിയ ‘മഹാരാഷ്ട്രാച്യാ ഹാസ്യരേഖ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. 2019-ൽ രാഷ്ട്രീയ തർക്കങ്ങൾ ഉടലെടുക്കുന്നതിന് മുൻപ് ഉദ്ധവ്ജി തന്നെ വിളിക്കുമ്പോഴൊക്കെ താൻ കാണാൻ പോകുമായിരുന്നുവെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എന്നാൽ 2019-ന് ശേഷം ആ ഭാഗത്തുനിന്ന് കോളുകൾ ഒന്നും വന്നിട്ടില്ലെന്നും ആ ഫോൺ കോളിനായി താൻ കാത്തിരുന്നിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

​”ഉദ്ധവ്ജി അന്ന് എന്നെ വിളിച്ചിരുന്നെങ്കിൽ ഞാൻ നിങ്ങളെ കാണാൻ വരുമായിരുന്നു,” എന്നും ഫഡ്‌നാവിസ് ചടങ്ങിൽ കൂട്ടിച്ചേർത്തു. മുംബൈയിൽ നടന്ന ചടങ്ങിൽ ഉദ്ധവ് താക്കറെ, അദ്ദേഹത്തിന്റെ കസിനും എം.എൻ.എസ് അധ്യക്ഷനുമായ രാജ് താക്കറെ, സാംസ്കാരിക വകുപ്പ് മന്ത്രി ആഷിഷ് ഷെലാർ തുടങ്ങിയ പ്രമുഖരും വേദിയിൽ സന്നിഹിതരായിരുന്നു.

മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബി.ജെപിയും ശിവസേനയും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടയിലാണ് ഫഡ്‌നാവിസിന്റെ ഈ പരാമർശം പുറത്തുവന്നിരിക്കുന്നത് എന്നത് രാഷ്ട്രീയ നിരീക്ഷകർ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഉദ്ധവ് താക്കറെ ബി.ജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചത്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ഫഡ്‌നാവിസ് നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്ധവ് താക്കറെ പ്രതികരിച്ചിരുന്നില്ലെന്ന വിവരവും ഈ അവസരത്തിൽ ചർച്ചയാകുന്നുണ്ട്.

You may also like