നോർക്ക കെയർ പ്രീമിയം വർധനവ്: മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ സാംഗ്ലി കേരള സമാജം തീരുമാനം

by admin

സാംഗ്ലി: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ പ്രീമിയം നിരക്കുകൾ കുത്തനെ കൂട്ടിയതിൽ ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി പശ്ചിമ മഹാരാഷ്ട്രയിലെ മലയാളി കൂട്ടായ്മയായ സാംഗ്ലി കേരള സമാജം. പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷയും ക്ഷേമവും മുൻനിർത്തി പ്രീമിയം വർധനവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും നോർക്ക സി.ഇ.ഒയ്ക്കും നിവേദനം സമർപ്പിക്കാൻ സമാജം എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സമാജം പ്രസിഡന്റ് അർഷദ് കെ.പിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

പ്രവാസി മലയാളികളിൽ വലിയൊരു വിഭാഗം 50 വയസ്സിന് മുകളിലുള്ളവരായതിനാൽ പ്രീമിയത്തിലെ വൻ വർധനവ് നിരവധി കുടുംബങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയാകും വരുത്തിവെക്കുകയെന്ന് യോഗം വിലയിരുത്തി. ഇൻഷുറൻസ് പരിരക്ഷ ഏറ്റവും കൂടുതൽ ആവശ്യമായ പ്രായത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പുതുക്കാനാവാതെ പരിരക്ഷ നഷ്ടപ്പെടുന്നത് അതീവ ഗൗരവത്തോടെ കാണണം. സാമ്പത്തിക ഭദ്രതയില്ലാത്ത പല അംഗങ്ങൾക്കും സമാജങ്ങളും സംഘടനകളും വേണ്ട സഹായം നൽകി മുൻകൈയെടുത്താണ് പല കുടുംബങ്ങളുടെയും ആശുപത്രി സംരക്ഷണം ഉറപ്പാക്കിയത്.

കഴിഞ്ഞ വർഷം നോർക്കയുടെയും ഇൻഷുറൻസ് സേവനദാതാവിന്റെയും ഉറപ്പുകളുടെ അടിസ്ഥാനത്തിൽ വിവിധ പ്രവാസി സംഘടനകളും സാമൂഹിക പ്രവർത്തകരും ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കുകയും നിരവധി പ്രവാസികളെ പദ്ധതിയിൽ ചേർക്കുകയും ചെയ്തിരുന്നു. വിശ്വാസവും പ്രതീക്ഷയും വളർത്തിയ പദ്ധതിയിൽ പ്രീമിയം കുത്തനെ ഉയർന്നത് കുടുംബങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. നിലവിലെ പ്രീമിയം നിരക്കുകൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും, ഇൻഷുറൻസ് പുതുക്കാനുള്ള സമയപരിധി നീട്ടണമെന്നും അന്തിമ തീരുമാനമുണ്ടാകും വരെ പ്രവാസി കുടുംബങ്ങളുടെ പരിരക്ഷ തടസ്സപ്പെടാതിരിക്കാൻ ഇടക്കാല ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സമാജം സെക്രട്ടറി ഷൈജു വി.എ ആവശ്യപ്പെട്ടു.

യോഗത്തിൽ ഭാരവാഹികളായ മുജീബ് റഹ്മാൻ, ഷിബു പാപ്പച്ചൻ, മിനി സോമരാജ്, മൻജു പ്രതാപ്, സുരേഷ് ടി.ജി, ജോൺസൺ കെ.വി, സജീവൻ എൻ.വി, മധുകുമാർ നായർ, പ്രസാദ് നായർ എന്നിവർ സംസാരിച്ചു. സമാജം ട്രഷറർ സിമ്മി ദിലീപ് നന്ദി രേഖപ്പെടുത്തി.

You may also like