കോവിഡിനുശേഷം യുവാക്കളിൽ പക്ഷാഘാതം വർധിക്കുന്നു; 5 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് സമയബന്ധിതമായി ആശുപത്രികളിൽ എത്തുന്നതെന്ന് ഡോക്ടർമാർ

by WhatsUp Mumbai

ആധുനിക സമൂഹത്തിൽ ആരോഗ്യരംഗത്ത് കടുത്ത ആശങ്ക സൃഷ്ടിച്ച് യുവാക്കളിൽ പക്ഷാഘാത (സ്ട്രോക്ക്) കേസുകൾ പെരുകുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഇരുപതുകളും മുപ്പതുകളും പ്രായമുള്ള യുവജനങ്ങളിൽ പക്ഷാഘാതം 10 മുതൽ 15 ശതമാനം വരെ വർധിച്ചതായി ലോക സ്റ്റ്രോക്ക് ദിനത്തോടനുബന്ധിച്ച് ഗ്ലെൻഈഗിൾസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. മുമ്പ് നാൽപ്പതും അൻപതും വയസ്സിനു മുകളിലുള്ളവരിൽ മാത്രം കണ്ടിരുന്ന ഈ മാരകാവസ്ഥ ഇന്ന് ചെറുപ്പക്കാരെയും വ്യാപകമായി ബാധിക്കുന്നുണ്ട്. എന്നാൽ പക്ഷാഘാതം വന്ന് ആദ്യത്തെ നിർണായക മണിക്കൂറുകൾക്കുള്ളിൽ അഞ്ച് ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തുന്നത് എന്നത് ജീവന് വലിയ ഭീഷണിയാകുന്നുണ്ട്.

ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ്, അമിതമായ മാനസിക സമ്മർദ്ദം തുടങ്ങിയവയാണ് ഈ രോഗാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾ പക്ഷാഘാതത്തിന് ഇരയാകുന്നുണ്ട്. രക്തസമ്മർദ്ദം കൃത്യമായി നിരീക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശീലങ്ങൾ പിന്തുടരുകയും ചെയ്യുക വഴി ഈ വിപത്തിൽ നിന്ന് ഒരു പരിധി വരെ രക്ഷനേടാൻ സാധിക്കും.

തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന തടസ്സങ്ങൾ മൂകമാണ് ഭൂരിഭാഗം പക്ഷാഘാതങ്ങളും ഉണ്ടാകുന്നത്. എന്നാൽ രക്തസ്രാവം മൂലവും ഇത് സംഭവിക്കാം. രോഗലക്ഷണങ്ങൾ തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ (4.5 മണിക്കൂറിനുള്ളിൽ) ആശുപത്രിയിലെത്തിച്ചാൽ രക്തം കട്ടപിടിക്കുന്നത് അലിയിക്കുന്നതിനുള്ള അടിയന്തര ചികിത്സയിലൂടെ രോഗിയെ പൂർണ്ണമായും രക്ഷപ്പെടുത്താനാകും. ഘാട്കോപ്പർ സ്വദേശിയായ 46 കാരിയായ തേജൽ ഭട്ട് എന്ന കോർപ്പറേറ്റ് ജീവനക്കാരിക്ക് പക്ഷാഘാതം ഉണ്ടായ ഉടൻ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചതിനാൽ കൃത്യസമയത്ത് ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചാൽ ഈ രോഗാവസ്ഥയെ പൂർണ്ണമായി അതിജീവിക്കാൻ സാധിക്കുമെന്നതിന് മികച്ച ഉദാഹരണമാണിത്.

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ ‘ബി ഇ എഫ് എ എസ് ടി’ (BE FAST) എന്ന എളുപ്പവഴി എല്ലാവരും അറിഞ്ഞിരിക്കണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. പെട്ടെന്നുണ്ടാവുന്ന ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, കാഴ്ചയിലെ അവ്യക്തത, മുഖത്ത് കാണുന്ന വ്യത്യാസങ്ങൾ, കൈകാലുകൾക്ക് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, സംസാരത്തിൽ തടസ്സം നേരിടൽ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും സമയം കളയാതെ രോഗിയെ ആംബുലൻസിൽ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കണം. വീട്ടിലിരുന്ന് സ്വയം ചികിത്സ നടത്താൻ ശ്രമിക്കുന്നത് ജീവന് തന്നെ ആപത്താണെന്നും ഡോക്ടർമാർ കർശനമായി മുന്നറിയിപ്പ് നൽകുന്നു.

You may also like