ടി.ബി. മരുന്ന് പേറ്റന്റ് തള്ളി; രോഗികൾക്ക് ആശ്വാസം, ചരിത്രവിധിയുമായി ഇന്ത്യൻ പേറ്റന്റ് ഓഫീസ്

by WhatsUp Mumbai

മുംബൈ : മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിലും സാധാരണക്കാരുടെ ചികിത്സാ ലഭ്യത ഉറപ്പാക്കുന്നതിലും നിർണായക വഴിതിരിവുമായി ഇന്ത്യൻ പേറ്റന്റ് ഓഫീസിന്റെ സുപ്രധാന ഉത്തരവ്. മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യുലോസിസ് (എം.ഡി.ആർ. ടി.ബി) ചികിത്സയിൽ ഉപയോഗിക്കുന്ന സുപ്രധാന മരുന്നിന്റെ പേറ്റന്റ് അപേക്ഷ അധികൃതർ തള്ളി. ആഗോള അലയൻസ് ഫോർ ടി.ബി ഡ്രഗ് ഡെവലപ്‌മെന്റിന്റെ (ടി.ബി അലയൻസ്) പേറ്റന്റ് അപേക്ഷയാണ് പുതിയ മരുന്നു കണ്ടെത്തലുകളുടെ കുറവും നിയമപരമായ വ്യവസ്ഥകളും ചൂണ്ടിക്കാട്ടി പാടെ നിരസിച്ചത്. ഈ നിർണായക തീരുമാനം വഴി ജീവൻരക്ഷാ മരുന്നുകൾ സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ വഴിയൊരുങ്ങും.

​’കോമ്പിനേഷൻ ആൻറി ബാക്ടീരിയൽ കോമ്പോസിഷൻ ആൻഡ് ഷോർട്ട് കോഴ്സ് ആൻറി ബാക്ടീരിയൽ റെജിമെൻ’ എന്ന പേരിൽ സമർപ്പിച്ച അപേക്ഷയാണ് നിയമനടപടികൾക്കൊടുവിൽ തള്ളിയത്. എൽഡ്രെഡ് ടെല്ലിസ്, ഗണേഷ് ആചാര്യ എന്നീ രോഗി അവകാശ പ്രവർത്തകരും ഡൽഹി നെറ്റ്‌വർക്ക് ഓഫ് പോസിറ്റീവ് പീപ്പിളും ചേർന്ന് നൽകിയ ശക്തമായ എതിർപ്പുകളെ തുടർന്നാണ് പേറ്റന്റ് കണ്ട്രോളർ നടപടി സ്വീകരിച്ചത്. ബി.പി.എൽ (BPaL) എന്നറിയപ്പെടുന്ന ബെഡാക്വിലിൻ, പ്രെറ്റോമാനിഡ്, ലിനസോളിഡ് എന്നീ മരുന്നുകൾ അടങ്ങിയ ആധുനിക ചികിത്സാ രീതി കൂടുതൽ പേരിലേക്ക് കുറഞ്ഞ ചെലവിൽ എത്തിക്കാൻ ഈ വിധി സഹായകരമാകും.

വ്യാപാര കുത്തകകളേക്കാൾ വലുതാണ് രോഗികളുടെ ജീവനെന്ന് വിധി സ്വാഗതം ചെയ്തുകൊണ്ട് ടി.ബി പീപ്പിൾ ഇന്ത്യ പ്രസിഡന്റ് ഗണേഷ് ആചാര്യ വ്യക്തമാക്കി. നിലവിലുള്ള ഔഷധങ്ങളുടെ കൂട്ടായ്മയ്ക്ക് അനാവശ്യമായി പേറ്റന്റ് അനുവദിച്ച് നൽകരുതെന്ന അവകാശവാദമാണ് ഇതിലൂടെ അംഗീകരിക്കപ്പെട്ടത്.

മുംബൈ നഗരത്തിൽ മാത്രം 2025-ൽ പതിനായിരക്കണക്കിന് ക്ഷയരോഗ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ആയിരത്തോളം പേർക്ക് സാധാരണ മരുന്നുകൾ ഫലപ്രദമല്ലാത്ത മരുന്ന് പ്രതിരോധശേഷിയുള്ള ഗുരുതരമായ ട്യൂബർക്യുലോസിസ് ബാധയാണുള്ളത്. ഈ സാഹചര്യത്തിൽ പുതിയ വിധി രോഗികൾക്ക് വലിയ ആശ്വാസമാകും. സാധാരണ മരുന്നുകൾ ഫലിക്കാത്തവർക്ക് ബി.പി.എൽ ചികിത്സാ രീതിയിലൂടെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സുരക്ഷിതമായി രോഗമുക്തി നേടാൻ സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

You may also like