മുംബൈ : മഹാത്മാഗാന്ധിയുടെ
പ്രപൗത്രൻ തുഷാർ ഗാന്ധിയെ മുംബൈയിൽ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത്. താൻ കസ്റ്റഡിയിലായിരുന്ന സമയത്ത് തന്റെ ഫോൺ തിരികെ നൽകിയില്ലെന്ന് തുഷാർ ഗാന്ധി വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിഷേധത്തെ തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനായി ആഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് ബ്രാന്ദയിൽ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് തുഷാർ ഗാന്ധി പറഞ്ഞു. തുടർന്ന് ഡി.എൻ നഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും വൈകിട്ട് ആറ് മണിയോടെ തന്നെ വിട്ടയക്കുമെന്ന് അറിയിച്ചെങ്കിലും തന്റെ ഫോൺ തിരികെ നൽകാൻ പോലീസ് തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടെയുണ്ടായിരുന്ന കോൺസ്റ്റബിളിന്റെ കൈവശമായിരുന്നു ഫോൺ ഉണ്ടായിരുന്നത്. ഒടുവിൽ നാല് ഉദ്യോഗസ്ഥർ ചേർന്ന് അതേ വാഹനത്തിൽ തന്നെയാണ് തന്നെ വീട്ടിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് അനുമതി നിഷേധിച്ചെങ്കിലും പൗരന്മാരുടെ സ്വമേധയാ ഉള്ള ഇച്ഛാശക്തിയാണ് ഇത്തരം പ്രക്ഷോഭങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് തുഷാർ ഗാന്ധി പ്രതികരിച്ചു. തങ്ങളെപ്പോലുള്ള സംഘാടകരെ കസ്റ്റഡിയിലെടുത്തുവെങ്കിലും മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് സാധാരണക്കാർ സ്വയമേവ എത്തിച്ചേർന്നത് പോലീസിനെ വലച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് ഗാംദേവി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തരവുകൾ ധിക്കരിക്കൽ, നിയമവിരുദ്ധമായി തടഞ്ഞുവെക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് ക്രമസമാധാന പാലനത്തിനായി അഞ്ഞൂറോളം പോലീസുകാരെ വിന്യസിപ്പിച്ചിരുന്നുവെന്നും, സമരവുമായി ബന്ധപ്പെട്ട് നാന ചൗക്ക് പ്രദേശത്ത് നാനൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.