മുംബൈ : ബോളിവുഡ് നടൻ ഇമ്രാൻ ഖാനെ ഉടൻ നാടുകടത്തണമെന്ന ആവശ്യവുമായി മുൻ ബി.ജെ.പി എം.പി കിരിത് സോമയ്യ. ഇലക്ഷൻ കമ്മീഷനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ ഇമ്രാൻ ഖാൻ പങ്കെടുത്തത് അന്വേഷിക്കണമെന്ന് മുംബൈ ജോയിന്റ് പോലീസ് കമ്മീഷണർ മനോജ് കുമാർ ശർമ്മയ്ക്ക് എഴുതിയ കത്തിൽ കിരിത് സോമയ്യ ആവശ്യപ്പെട്ടു.
പോലീസ് അനുമതിയില്ലാത്ത പ്രതിഷേധത്തിൽ ഒരു ‘വിദേശ പൗരന്’ പങ്കെടുക്കാൻ കഴിയുമോ എന്ന് കിരിത് സോമയ്യ ചോദിച്ചു. ഇമ്രാൻ ഖാന് യു.എസ് പാസ്പോർട്ട് ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തുടർന്ന് എക്സിൽ കുറിച്ച കുറിപ്പിലാണ് ഇമ്രാൻ ഖാനെ ഉടൻ നാടുകടത്തണമെന്ന് കിരിത് സോമയ്യ ആവശ്യപ്പെട്ടത്.
മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇമ്രാൻ ഖാനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു. പോലീസിന്റെ വാനിലിരിക്കുന്ന ചിത്രം “ഞാൻ ഒരു ഡ്രൈവിന് പോകുന്നു എന്ന് തോന്നുന്നു” എന്ന അടിക്കുറിപ്പോടെ ഇമ്രാൻ ഖാൻ പങ്കുവെക്കുകയും ചെയ്തിരുന്നു. സർക്കാരുദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ചു, നിയമവിരുദ്ധമായി സംഘം ചേർന്നു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മുംബൈ പോലീസ് ഇമ്രാൻ ഖാൻ, കാമുകി ലേഖ വാഷിംഗ്ടൺ എന്നിവർക്കുമേൽ കേസെടുത്തിട്ടുണ്ട്.
ഡൽഹിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മുംബൈയിലും സമരം നടന്നത്. വോട്ടർ പട്ടിക പുതുക്കുന്നതിൽ ക്രമക്കേടും സുതാര്യതയില്ലായ്മയും ആരോപിച്ചാണ് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കുന്നത്.