172
മുംബൈ : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് പറന്നുയർന്ന ഇൻഡിഗോ വിമാനത്തിൽ യാത്രികന്റെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണത്തിൽ (പവർ ബാങ്ക്) നിന്ന് പുക ഉയർന്നതിനെ തുടർന്ന് വിമാനം ഹൈദരാബാദിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ ഓവർഹെഡ് ബിന്നിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിൽ നിന്നാണ് പുക ഉയർന്നത്.
വിമാനത്തിനുള്ളിൽ പുക ഉയർന്ന ഉടൻ തന്നെ ക്യാബിൻ ക്രൂ അംഗങ്ങൾ സമയോചിതമായി ഇടപെടുകയും ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീയണയ്ക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പൈലറ്റ് വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. യാത്രക്കാർക്ക് ചെന്നൈയിലേക്ക് തുടരുന്നതിനായി ഇൻഡിഗോ മറ്റൊരു വിമാനം ഏർപ്പെടുത്തി. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.