നവി മുംബൈയിൽ NBCCയുടെ കേരളപ്പിറവി ദിനാഘോഷവും സാംസ്കാരിക സംഗമവും: പി. ആർ. കൃഷ്ണനും ലീലാ സർക്കാറിനും സമഗ്ര സംഭാവന പുരസ്കാരം നൽകി ആദരിക്കും

by WhatsUp Mumbai

നവി മുംബൈ: ന്യൂ ബോംബെ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിക്കുന്നു. 2026 നവംബർ 1 ഞായറാഴ്ച രാവിലെ 10 മണിക്ക് കോപ്പർഖൈരനെയലുള്ള ന്യൂ ബോംബെ കൾച്ചറൽ സെന്റർ സമാജം ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ നടക്കുന്നത്.  

ചടങ്ങിന്റെ ഉദ്ഘാടനം ഗാനരചയിതാവ് ഇ. പി. സജീവൻ നിർവ്വഹിക്കും. എൻബിസിസി പ്രസിഡന്റ് ഷിനി ചന്ദ്രബോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി മനോജ് മാളവിക സ്വാഗതം ആശംസിക്കും. മലയാളം മിഷൻ കുട്ടികളുടെ സ്വാഗത ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. തുടർന്ന് ‘പാടിയും പറഞ്ഞും’ എന്ന പേരിൽ മലയാളിയുടെ ഗൃഹാതുര ഗാനങ്ങളിലൂടെയുള്ള സർഗ്ഗ സഞ്ചാരം ഇ. പി. സജീവൻ നയിക്കും.  

ചടങ്ങിൽ വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയ പ്രമുഖർക്ക് അവാർഡുകൾ സമ്മാനിക്കും. സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പി. ആർ. കൃഷ്ണൻ, ബംഗാളി സാഹിത്യ വിവർത്തക ലീലാ സർക്കാർ, നോവലിസ്റ്റ് ബാലകൃഷ്ണൻ എന്നിവർക്ക് നൽകി ആദരിക്കും. വ്യവസായ രംഗത്തും കാരുണ്യ രംഗത്തും മികച്ച സംഭാവനകൾ നൽകിയ വ്യവസായിയും കാരുണ്യ പ്രവർത്തകനുമായ എം. കെ. നവാസിന് ‘ബിസിനസ്സ് എക്സലൻസി അവാർഡും’ സമ്മാനിക്കും.  

അവാർഡ് ജേതാക്കളെ പി. ആർ. സഞ്ജയ് പരിചയപ്പെടുത്തും. ചടങ്ങിൽ സാഹിത്യകാരൻ സി. പി. കൃഷ്ണകുമാർ, എൻബിസിസി ട്രഷറർ വി. ടി. സുധാകരൻ എന്നിവർ ആശംസകൾ നേരും. തുടർന്ന് മലയാളത്തനിമയുള്ള ഗാനങ്ങളും നൃത്ത ആവിഷ്കാരങ്ങളും അരങ്ങേറും. എൻബിസിസി സാംസ്കാരിക വിഭാഗം കൺവീനർ ബാബു എ.പി. നന്ദി രേഖപ്പെടുത്തും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: +91 7710026980.

You may also like