മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 അംഗത്വ ദിനമായി ആചരിക്കുന്നു. കൊളാബ മുതൽ ബോയ്സർ, ബദലാപൂർ വരെയുള്ള 10 മേഖലകളിലും അന്നേ ദിവസം വിപുലമായ അംഗത്വ വിതരണം നടക്കും.
ഒക്ടോബർ 18-ന് രാവിലെ മുതൽ എല്ലാ മേഖലകളിലും വിവിധ സ്ക്വാഡുകൾ ഗൃഹസന്ദർശനം നടത്തി 18 വയസ്സിന് മുകളിലുള്ള മലയാളികളെ സംഘടനയിൽ അംഗങ്ങളാക്കും. മലയാളി ഭവനങ്ങള്‍ സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തുന്നതിനും, സൌഹാര്‍ദ്ദം പുതുക്കുന്നതിനും, മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍പ്രചാരണം സംഘടിപ്പിക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
പ്രവാസ ജീവിതത്തിലെ നെട്ടോട്ടത്തിനിടയിലും മാതൃഭാഷയെയും സംസ്കാരത്തെയും കാത്തു സൂക്ഷിക്കുന്നതിനുള്ള ശ്രമത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. എല്ലാ ഭാഷാ സ്നേഹികളും ഒക്ടോബർ 18-ലെ അംഗത്വ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും ഈ സംരംഭം വിജയിപ്പിക്കണമെന്നും ജനറല്‍ സെക്രട്ടറി റീന സന്തോഷ് അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9892690978