മുംബൈ : മുളുണ്ട് കേരള സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 20 ഞായറാഴ്ച മുളുണ്ട് വെസ്റ്റിലെ മഹാരാഷ്ട്ര സേവ സംഘ് ഹാളിൽ (അപ്ന ബസാറിനു മുകളിൽ) വിവിധ കലാപരിപാടികളോടെ കൊണ്ടാടി.
രാവിലെ 10 മണിക്ക് സമാജം പ്രസിഡന്റ് ടി. കെ. രാജേന്ദ്രബാബു, ജനറൽ സെക്രട്ടറി ബി. കെ. കെ. കണ്ണൻ, ട്രഷറർ കെ. മുരളിധരൻ, ലയൺ എം. കുമാരൻ നായർ, പ്രസിഡന്റ് എമിരേറ്റ്സ് സി. കെ. കെ. പൊതുവാൾ, പ്രോഗ്രാം കൺവീനർ സി. ശശിധരൻ നായർ എന്നിവർ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുളുണ്ട് എം.എൽ.എ. മിഹിർ കോട്ടെച്ച മുഖ്യാതിഥിയായിരുന്നു. ബി. കെ. കെ. കണ്ണൻ സ്വാഗതവും ടി. കെ. രാജേന്ദ്രബാബു അധ്യക്ഷപ്രസംഗവും നിർവഹിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മലയാളി വിദ്യാർത്ഥികളായ ആൻവിക്ഷികി രാധാകൃഷ്ണൻ പിള്ള, അഖിൽ പ്രസാദ് നായർ എന്നിവർക്ക് അജിത് കുമാർ നായർ മെമ്മോറിയൽ അവാർഡ് ലയൺ കുമാരൻ നായരും പത്നി സോമലത കുമാരൻ നായരും ചേർന്ന് സമ്മാനിച്ചു. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു.

ഉഷാ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ വനിതാ വിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളിയും മഹാബലി ചക്രവർത്തിയുടെ എഴുന്നള്ളത്തും ആർഷകമായി. ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 5 വിജയി ശിവശങ്കർ കൃഷ്ണയും അന്നിക മേനോനും ഗാനങ്ങൾ അവതരിപ്പിച്ചു. ഗിരിജട്ടീച്ചറുടെ നേതൃത്വത്തിൽ മുളുണ്ടിലെ ഗീത നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘ശ്രീകൃഷ്ണലീല’ ബാലെ, കലാമണ്ഡലം കലാശ്രീ സി. ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ചങ്ങമ്പുഴയുടെ ‘രമണൻ’ കവിതയുടെ നൃത്താവിഷ്കാരം എന്നിവയും ശ്രദ്ധേയമായി. സമാജം അംഗങ്ങളും മുംബൈയിലെ കലാകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു.
സമാജം വൈസ് പ്രസിഡണ്ട് എ. രാധാകൃഷ്ണൻ, ജോയിന്റ് ട്രഷറർ പ്രസന്നകുമാർ നായർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുജാത നായർ, ഉമ്മൻ മൈക്കിൾ, ഗിരീഷ് കുമാർ, എ. വി. കൃഷ്ണൻ, കെ. ബാലകൃഷ്ണൻ നായർ, സുരേഷ് നായർ, സുപ്രഭ നായർ, ടി. കെ. ബാലചന്ദ്രൻ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. സംഗീത, സുപ്രഭ നായർ, ഇടശ്ശേരി രാമചന്ദ്രൻ എന്നിവർ ഏകോപനവും പ്രോഗ്രാം കൺവീനർ സി. ശശിധരൻ നായർ നന്ദിയും പറഞ്ഞു. ഓണസദ്യയ്ക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ ആഘോഷപരിപാടികൾ സമാപിച്ചു.