കടത്തനാട് കുടുംബ കൂട്ടായ്മ മുംബൈയുടെ ഓണാഘോഷം ശ്രദ്ധേയമായി; കുടുംബബന്ധങ്ങളുടെ പ്രസക്തി ഊന്നിപ്പറഞ്ഞ് രംഗീഷ് കടവത്ത്

by admin

നവിമുംബൈ : കടത്തനാട് കുടുംബ കൂട്ടായ്മ മുംബൈയുടെ ഓണാഘോഷ പരിപാടിയായ ‘കുടുംബസമേതം കെ.കെ.കെ 2026’ ജനപങ്കാളിത്തത്തോടും വൈവിധ്യമാർന്ന പരിപാടികളോടും കൂടെ ആഘോഷിച്ചു. മുംബൈയിലെ പ്രവാസി മലയാളികൾക്ക് വേറിട്ടൊരു അനുഭവമായി മാറിയ ഈ ഓണാഘോഷം, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു.

സാംസ്കാരിക സമ്മേളനം എൽമാക്ക് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ സുധീഷ് സുകുമാരൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ രംഗീഷ് കടവത്ത് നടത്തിയ പ്രഭാഷണം സദസ്സിന്റെ മനം കവർന്നു. നർമ്മത്തിൽ ചാലിച്ച തനത് ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഏവരുടെയും കൈയടി നേടി. കുടുംബബന്ധങ്ങളുടെ ദൃഢതയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അച്ഛനമ്മമാരും മക്കളും അടങ്ങുന്ന കുടുംബം ഒരു വലിയ ശക്തിയാണെന്ന് ഓർമ്മിപ്പിച്ചു. എങ്കിൽ മാത്രമേ പുതിയ തലമുറ വഴിതെറ്റാതെ ശരിയായ ദിശയിൽ മുന്നോട്ടു പോവുകയുള്ളൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘നാം ഇന്ന് ഏറെ ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിലവിലുള്ള സർക്കാർ ആരംഭിച്ച മയക്കു മരുന്നിനെതിരെയുള്ള ‘തൂഫാൻ’ (Toofan) എന്ന പദ്ധതി സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അത് ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും’ അദ്ദേഹം തന്റെ പ്രസംഗത്തിൽ അടിവരയിട്ടു വ്യക്തമാക്കി.

ഭാരവാഹികളുടെ പരിശ്രമത്തോടൊപ്പം മനോജ് മാളവിക, പ്രകാശൻ പി.പി എന്നിവരുടെ കാര്യക്ഷമമായ നേതൃത്വത്തിലാണ് ഈ പരിപാടി വിജയിച്ചു പൂർത്തിയായത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനും കൂട്ടായ്മയുടെ പ്രവർത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ഇവരുടെ സജീവമായ പങ്കാളിത്തം വഴിയൊരുക്കി.

ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടിയിൽ മലബാർ ശൈലിയിലുള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രത്യേക ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. പരമ്പരാഗത വിഭവങ്ങൾക്ക് പുറമെ നോൺ-വെജ് വിഭവങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ സദ്യ പങ്കെടുത്ത ഏവർക്കും വേറിട്ടൊരു അനുഭവമായി മാറി.

You may also like