വിദ്യാർത്ഥികളുടെ മികവുറ്റ ചുവടുകളിൽ ‘നടനോത്സവം’; ഡോ. ആർ.എൽ.വി. രാമകൃഷ്ണനും ഗുരു മുക്ത ജോഷിയും മാറ്റുകൂട്ടിയ നൃത്തോത്സവം ശ്രദ്ധേയമായി

by admin

നവി മുംബൈ: നടനച്ചുവടുകളുടെ വർണ്ണപ്പൊലിമയിൽ കാണികൾക്ക് അവിസ്മരണീയമായൊരു നൃത്തോത്സവാനുഭവമൊരുക്കി മീനാക്ഷി നൃത്യവിദ്യാലയത്തിന്റെ 28-ാമത് വാർഷികാഘോഷമായ ‘നടനോത്സവം-4’ ഉൽവേയിൽ അരങ്ങേറി. ഈ വർഷത്തെ ആഘോഷപരിപാടികളുടെ ആദ്യഘട്ടമായി ഉൽവേയിൽ നടന്ന ചടങ്ങിൽ ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന കലോത്സവമാണ് സംഘടിപ്പിച്ചത്. കുരുന്നുകൾ മുതൽ മുതിർന്ന വിദ്യാർത്ഥികൾ വരെ വേദിയിൽ തങ്ങളുടെ മികവുറ്റ നൃത്തച്ചുവടുകൾ കാഴ്ചവെച്ചു. ദൃശ്യചാരുതയാർന്ന അവതരണങ്ങളാലും ആംഗിക ചലനങ്ങളാലും സമ്പന്നമായ കലാപ്രകടനങ്ങൾ സദസ്സിന് കണ്ണിനും മനസ്സിനും ഒരേപോലെ കുളിർമയേകുന്നതായിരുന്നു.

ചടങ്ങിൽ പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യം പരിപാടിയുടെ മാറ്റുകൂട്ടി. പ്രശസ്ത കഥക് നർത്തകി ഗുരു മുക്ത ജോഷിയും, കേരളത്തിൽ നിന്നുള്ള പ്രമുഖ മോഹിനിയാട്ടം കലാകാരനും ഗവേഷകനുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനും വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ അവതരിപ്പിച്ച നയനമനോഹരമായ മോഹിനിയാട്ടവും ഗുരു മുക്ത ജോഷിയുടെ ഭാവസാന്ദ്രമായ കഥക് നൃത്തപ്രകടനവും കാണികളെ അക്ഷരാർത്ഥത്തിൽ മന്ത്രമുഗ്ദ്ധരാക്കി. സദസ്സിലുണ്ടായിരുന്ന ആസ്വാദകർ എഴുന്നേറ്റു നിന്ന് വൻ കരഘോഷത്തോടെയാണ് ഇരു കലാകാരന്മാരെയും സ്വീകരിച്ചത്. ഇവരുടെ പ്രകടനങ്ങൾ അതിമനോഹരവും അവിസ്മരണീയവുമായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത കലാസ്വാദകർ പ്രതികരിച്ചു.

കഴിഞ്ഞ 28 വർഷമായി മുംബൈയിലെ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പ്രമുഖ നൃത്തപരിശീലന കേന്ദ്രമാണ് മീനാക്ഷി നൃത്യവിദ്യാലയം. തനത് കലാരൂപങ്ങളെയും ക്ലാസിക്കൽ നൃത്തശാഖകളെയും പുതിയ തലമുറയിലേക്ക് അനുയോജ്യമായ രീതിയിൽ പകർന്നുനൽകുന്നതിൽ ഈ സ്ഥാപനം സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഗുരു രാജൻ മാഷിന്റെ ദീർഘവീക്ഷണത്തോടും നിഷ്ഠയോടും കൂടിയ പരിശീലനമാണ് വിദ്യാലയത്തിന്റെ വിജയത്തിന് പിന്നിൽ. കലയോടുള്ള അടങ്ങാത്ത സമർപ്പണവും ലളിതവും കാര്യക്ഷമവുമായ പഠനരീതികളും വഴി നിരവധി മികച്ച കലാകാരന്മാരെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ തനിമയാർന്ന നൃത്ത നൈപുണ്യം വളർത്തിയെടുക്കുന്നതിനൊപ്പം ക്ലാസിക്കൽ കലകളുടെ സൗന്ദര്യവും അച്ചടക്കവും കാത്തുസൂക്ഷിക്കാനും ഈ സ്ഥാപനം എന്നും മുന്നിലുണ്ട്.

ചടങ്ങിന്റെ ആദ്യവസാനം വരെ നൃത്താസ്വാദകർ സദസ്സിൽ നിറഞ്ഞിരിക്കുകയും ഓരോ പ്രകടനത്തെയും കൈയടികളോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മികവാർന്ന സംഘാടനവും പ്രൊഫഷണൽ അവതരണ ശൈലിയും കൊണ്ട് ഉൽവേയിൽ നടന്ന ആഘോഷങ്ങൾ കലാസ്വാദകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന അനുഭവമായി മാറി. വാർഷികാഘോഷങ്ങളുടെ തുടർച്ചയായുള്ള അടുത്ത പരിപാടി ഈ മാസം 18-ന് താനെയിൽ വെച്ച് നടക്കും.

ഫോട്ടോസ് (സലീഷ് വാസുദേവൻ )

You may also like