മെട്രോയ്ക്കും മോണോറെയിലിനും പോഡ് ടാക്സിക്കും പിന്നാലെ ‘എലവേറ്റഡ് ബസ്’; വിപ്ലവകരമായ ഗതാഗത മാറ്റത്തിനൊരുങ്ങി മുംബൈ

by WhatsUp Mumbai

മുംബൈ: മെട്രോയ്ക്കും മോണോറെയിലിനും പോഡ് ടാക്സിക്കും പിന്നാലെ മുംബൈ മേഖലയിലേക്ക് ഡ്രൈവറില്ലാ ‘എലവേറ്റഡ് ഓട്ടോമേറ്റഡ് ബസ്’ വരുന്നു. വരാനിരിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനെയും (വിരാർ) മെട്രോ ലൈൻ 13-നെയും (നല്ലസോപാര) തമ്മിൽ ബന്ധിപ്പിക്കാനാണ് 3.1 കിലോമീറ്റർ നീളത്തിൽ ഈ പാത വിഭാവനം ചെയ്യുന്നത്. വസായ് വിരാർ സിറ്റി മുൻസിപ്പൽ കോർപ്പറേഷനാണ് (VVCMC) പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നത്.

ജാപ്പനീസ് മാതൃകയിൽ പ്രത്യേക പാതയിലൂടെ ചക്രങ്ങളിൽ ഓടുന്ന ഈ ഡ്രൈവറില്ലാ ബസുകളിൽ ഒരു സമയം 50 മുതൽ 70 വരെ യാത്രക്കാർക്ക് സഞ്ചരിക്കാം. ആവശ്യമെങ്കിൽ ശേഷി 400 വരെയായി ഉയർത്താം. പ്രദേശത്തെ 463 ഹെക്ടർ വികസന പദ്ധതിയുടെ ഭാഗമാണിതെന്ന് വിവിസിഎംസി കമ്മീഷണർ പൃഥ്വിരാജ് ബി പി പറഞ്ഞു.

പാത നല്ലസോപാര റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കാനും ഭാവിയിൽ വിരാർ തീരദേശത്തേക്ക് 17 കി.മീ വരെ നീട്ടാനും സാധ്യതയുണ്ടെന്ന് ടിയുഎസ്പിഎൽ (TUSPL) അർബൻ പ്ലാനർ അവനി ശിഖരെ വ്യക്തമാക്കി. പദ്ധതിയുടെ കരട് രൂപരേഖ നവംബർ ആദ്യവാരത്തോടെ മഹാരാഷ്ട്ര സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കും.

You may also like