ഫോട്ടോഗ്രാഫർമാരുടെ ക്ഷേമവും ഐക്യവും ലക്ഷ്യം: മുംബൈയിൽ MPWA ലോഞ്ചിങ്ങും ഓണാഘോഷവും വർണാഭമായി

by admin

നവിമുംബൈ : മഹാരാഷ്ട്രയിലെ മലയാളി ഫോട്ടോഗ്രാഫർമാരുടെ ക്ഷേമവും തൊഴിൽപരമായ ഉന്നമനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മലയാളി ഫോട്ടോഗ്രാഫേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ (MPWA) ലോഞ്ചിങ് ചടങ്ങും അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും ഓണാഘോഷവും വാഷിയിലെ ഭാരതീയ വിദ്യാഭവൻ ഹാളിൽ നടന്നു. ഒക്ടോബർ 10-നായിരുന്നു പരിപാടി.

എംഎൽഎ പ്രശാന്ത് ഠാക്കൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങൾക്ക് ഐഡി കാർഡുകൾ കൈമാറിക്കൊണ്ട് എംഎൽഎ മന്ദ തായ് മ്ഹാത്രെ ഐഡി കാർഡ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളും അരങ്ങേറി. മഹാരാഷ്ട്രയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

മഹാരാഷ്ട്രയിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽപരമായ വളർച്ച ഉറപ്പാക്കുക, അവരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുക, അംഗങ്ങൾക്കിടയിൽ ഐക്യവും സഹകരണവും വളർത്തുക എന്നിവയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങൾ. ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ഉന്നമനത്തിനായി വിവിധ ക്ഷേമപ്രവർത്തനങ്ങളും കൂട്ടായ പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ചടങ്ങിൽ പ്രകടമായി.

അസോസിയേഷൻ ചെയർമാൻ രാജീവ് ശശിധരൻ, സെക്രട്ടറി രാജീവ് ഹരിദാസ്, ട്രഷറർ ജിജോ യോഹന്നാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫോട്ടോഗ്രാഫർമാരുടെ ക്ഷേമത്തിനും ഐക്യത്തിനും പ്രാധാന്യം നൽകുന്ന പുതിയൊരു കൂട്ടായ്മയുടെ തുടക്കമെന്ന നിലയിൽ എംപിഡബ്ല്യുഎയുടെ ലോഞ്ചിങ് ചടങ്ങും ഓണാഘോഷവും ശ്രദ്ധേയമായി.

You may also like