കാരുണ്യത്തിന്റെ വേറിട്ട കാഴ്ച: പരിക്കേറ്റ നായ്ക്കുട്ടിയെ ശുശ്രൂഷിച്ച് കൂടെക്കൂട്ടി ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാർ

by WhatsUp Mumbai

മുംബൈ: റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നായ്ക്കുട്ടിക്ക് പുതിയ ജീവിതം നൽകി മുംബൈയിലെ ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാർ. കാർ കയറി പരിക്കേറ്റ കുട്ടിനായ്ക്കൂട്ടിയെ പ്രാദേശിക വെയർഹൗസിലെ ഡെലിവറി ജീവനക്കാർ ചേർന്ന് ശുശ്രൂഷിച്ച് സുഖപ്പെടുത്തുകയും, പിന്നീട് തങ്ങൾക്കൊപ്പം ഡെലിവറി യാത്രകളിൽ കൂടെക്കൂട്ടുകയും ചെയ്യുകയായിരുന്നു.

ലിങ്ക്ഡ്ഇൻ ഉപയോക്താവായ റോഷൻ മാത്രെ പങ്കുവെച്ച ഈ ഹൃദയസ്പർശിയായ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. തനിക്ക് ബ്ലിങ്കിറ്റ് വഴി ഡെലിവറി ഓർഡർ ലഭിച്ചപ്പോൾ ഒപ്പം ഒരു നായ്ക്കുട്ടിയും ഉണ്ടായിരുന്നുവെന്നും, ജീവനക്കാരോട് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അപകടവിവരം അറിഞ്ഞതെന്നും റോഷൻ മാത്രെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ കുറിച്ചു.

കാറിന്റെ ടയർ കയറി ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു നായ്ക്കുട്ടി. എന്നാൽ ജീവനക്കാർ അതിനെ ഉപേക്ഷിക്കാതെ ഒത്തൊരുമിച്ച് പരിചരിച്ച് സുഖപ്പെടുത്തുകയായിരുന്നു. നിലവിൽ വെയർഹൗസിൽ കഴിയുന്ന നായ്ക്കുട്ടി ഡെലിവറി സമയങ്ങളിൽ ജീവനക്കാർക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യാറുമുണ്ട്. ജീവനക്കാരുടെ ഈ കാരുണ്യത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിക്കുന്നത്.

You may also like