മുംബൈ: വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (SIR) വിവാദങ്ങൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൻ സേന (എംഎൻഎസ്). ഇതിന്റെ ഭാഗമായി മുംബൈയിലെ ദാദറിലുള്ള പാർട്ടി ഓഫീസിന് പുറത്ത് ‘സെൽഫി വിത്ത് ഗ്യാനു’ എന്ന പേരിൽ എംഎൻഎസ് പുതിയ കാമ്പയിന് തുടക്കമിട്ടു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കോട്ടൗട്ടാണ് പാർട്ടി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്നത്. നിരവധി പൊതുജനങ്ങൾ ഇതിനൊപ്പം സെൽഫിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെടുന്ന ഈ സന്ദേശം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലെത്തിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് പാർട്ടി വ്യക്തമാക്കി. എംഎൻഎസ് നേതാവ് അമിത് താക്കറെയും ദാദറിലെ പാർട്ടി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററിനൊപ്പം സെൽഫിയെടുക്കുന്നതിന്റെ വീഡിയോ പാർട്ടി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് നിരവധി പേരാണ് ഈ കാമ്പയിനിൽ പങ്കാളികളാകുന്നത്. ജ്ഞാനേഷ് കുമാർ ഇനി പടിയിറങ്ങണമെന്നും ജനങ്ങളുടെ പ്രതിഷേധം അദ്ദേഹത്തിലേക്ക് എത്തിക്കാനാണ് ഈ കാമ്പയിൻ തുടങ്ങിയതെന്നും എംഎൻഎസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ മാധ്യമങ്ങളോട് പ്രതികരിച്ചു.
മഹാരാഷ്ട്രയിൽ എസ്ഐആർ പ്രക്രിയ പൂർണ്ണമായും റദ്ദാക്കുക, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ കൊണ്ടുവരിക, സുതാര്യമായ വോട്ടർ പട്ടിക ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എംഎൻഎസ് സംസ്ഥാന വ്യാപകമായി ഒപ്പ് ശേഖരണവും നടത്തിയിരുന്നു.